ഫെഡററിന്റെ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്ലാം കിരീടങ്ങൾ എന്ന നേട്ടം സ്വന്തമാക്കാൻ റാഫേൽ നദാലിന് പ്രായം ഒരു തടസ്സം ആവില്ലെന്ന് നദാലിന്റെ മുൻ പരിശീലകനും അമ്മാവനും ആയ ടോണി നദാൽ. ഇപ്പോൾ 20 ഗ്രാന്റ് സ്ലാമുകൾ ഉള്ള റോജർ ഫെഡററെക്കാൾ വെറും ഒരു ഗ്രാന്റ് സ്ലാം പിറകിൽ ആണ് റാഫേൽ നദാൽ. എന്നാൽ ഈ കഴിഞ്ഞ യു.എസ് ഓപ്പൺ ജയത്തിനു ശേഷം ഇനിയൊരു ഗ്രാന്റ് സ്ലാം സ്വന്തമാക്കുക തനിക്ക് ബുദ്ധിമുട്ട് ആവും എന്ന് റാഫേൽ നദാൽ തന്നെയാണ് പറഞ്ഞത്. എന്നാൽ ഇപ്പോൾ 33 കാരനായ റാഫേൽ നദാൽക്ക് ചരിത്രനേട്ടം കൈവരിക്കാൻ സാധിക്കും എന്ന കാര്യത്തിൽ ടോണി നദാൽക്ക് സംശയം ഒന്നുമില്ല.
ഏതാണ്ട് 5 മണിക്കൂർ നീണ്ട 5 സെറ്റ് മത്സരത്തിനൊടുവിൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ മറികടന്നാണ് നദാൽ യു.എസ് ഓപ്പൺ കിരീടം ഉയർത്തിയത്. മത്സരശേഷം വളരെ വികാരീതനായി കാണപ്പെട്ട നദാൽ കിരീടാനേട്ടത്തിന്റെ കാഠിന്യം എടുത്ത് പറയുകയും ചെയ്തിരുന്നു. എന്നാൽ മത്സരശേഷം നദാൽ ഫെഡററിന്റെ റെക്കോർഡ് തകർക്കും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ലെന്നാണ് റഷ്യൻ താരം പ്രതികരിച്ചത്. ഫെഡററിന്റെ റെക്കോർഡ് തകർക്കാൻ പ്രായം നദാൽക്ക് ഒരു തടസ്സമാവില്ലെന്നു പറഞ്ഞ മെദ്വദേവ് ഇനിയും ഗ്രാന്റ് സ്ലാം കിരീടങ്ങൾ നേടാനുള്ള കരുത്തും ശാരീരിക ക്ഷമതയും നദാലിന് ഉണ്ടെന്നും കൂട്ടിച്ചേർത്തിരുന്നു.