ഇന്നലെ ഖത്തറിനെതിരായി ഇന്ത്യ കാഴ്ചവെച്ച പ്രകടനം ഒരു ക്ഷണമായി കണക്കാക്കണമെന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. അടുത്ത മത്സരത്തിനായി കാണികളെ ക്ഷണിക്കുന്നതായിരുന്നു ഈ മത്സരം. ഇന്ത്യ അടുത്ത മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടുമ്പോൾ സ്റ്റേഡിയം നിറയണം. കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ 80000 കാണികൾ ഉണ്ടാകണം എന്നും സ്റ്റിമാച് പറഞ്ഞു. അടുത്ത മാസമാണ് ഇന്ത്യ ബംഗ്ലാദേശ് പോരാട്ടം നടക്കുന്നത്.
അത്രയും കാണികളെ ഇന്ത്യ അർഹിക്കുന്നുണ്ട് എന്നും കാണികളുടെ പിന്തുണ ബംഗ്ലാദേശിനെ പരാജയപ്പെടുത്താൻ അത്യാവശ്യമാണെന്നും സ്റ്റിമാച് പറഞ്ഞു. ഖത്തറിനെതിരെ ഉള്ള ഫലം അഭിമാനകരമാണ്. തന്റെ ടീമിനെ ഓർത്തും ഒരു കോച്ചെന്ന നിലയിലും താൻ അഭിമാനിക്കുന്നു. പരിചയസമ്പത്ത് കൂടുന്നതോടെ ഇത്തരം മത്സരങ്ങൾ വിജയിക്കാനും ഇന്ത്യക്ക് ആകുമെന്ന് സ്റ്റിമാച് പറഞ്ഞു. ഈ ഫലത്തിൽ അമിതമായി സന്തോഷിക്കാൻ ആവില്ല. ഇനി വരുന്ന മത്സരങ്ങളിൽ ബംഗ്ലാദേശിനെയും അഫ്ഗാനെയും പരാജയപ്പെടുത്തിയില്ല എങ്കിൽ ഈ സമനില കൊണ്ട് യാതൊരു കാര്യവും ഉണ്ടാവില്ല എന്നും സ്റ്റിമാച് പറഞ്ഞു.