ഖത്തറിനെ തോൽപ്പിക്കുക എന്നത് ഇന്ത്യക്ക് അസാധ്യമായ കാര്യമല്ല എന്ന് ഇന്ത്യയുടെ യുവ മധ്യനിര താരം അമർജിത്. പരിക്ക് കാരണം ടീമിൽ നിന്ന് പുറത്ത് ഇരിക്കുന്ന അമർജിത് പക്ഷെ ഇന്ത്യയുടെ കരുത്തിൽ പ്രതീക്ഷ വെക്കുന്നു. ഫുട്ബോളിൽ ഒന്നും അസാധ്യമല്ല എന്ന് അമർജിത് പറയുന്നു. താൻ ടീമിനൊപ്പം ഇല്ല എന്നതിൽ തനിക്ക് വിഷമം ഉണ്ട്. പക്ഷെ ഖത്തറിനെ തോൽപ്പിക്കാൻ ആകും. ഫുട്ബോൾ എന്നാൽ 90 മിനുട്ടിലെ കാര്യമാണ്. അവിടെ എന്തും നടക്കാം. യുവ മിഡ്ഫീൽഡർ പറഞ്ഞു.
ഖത്തർ ഏഷ്യൻ കപ്പ് നേടുമെന്ന് ഒരു വർഷം മുമ്പ് ആരും കരുതിയിരുന്നില്ല. ഏഷ്യയിൽ കരുത്തരായ കൊറിയയെയും ജപ്പാനെയും ഒക്കെ അവർ മറികടന്നു. ഫുട്ബോൾ അങ്ങനെയാണ്. ചരിത്രത്തിന് ഒന്നും ഗ്രൗണ്ടിൽ സ്ഥാനമില്ല. അവിടെ എന്തും സംഭവിക്കാം. അമർജിത് പറഞ്ഞു. ഖത്തറിനെ ഏഷ്യയുടെ സ്പെയിൻ എന്നാണ് വിശേഷിപ്പിക്കുന്നത്. അത് വെറുതെ അല്ല. അതുകൊണ്ട് തന്നെ ഈ മത്സരം എളുപ്പമാകില്ല എന്നതാണ് സത്യം. എങ്കിലും താൻ ശുഭാപ്തിവിശ്വാസത്തിൽ ആണെന്ന് അമർജിത് ആവർത്തിച്ചു. പരിക്കിന്റെ പിടിയിലായ താരം അടുത്ത മാസം നടക്കുന്ന യോഗ്യതാ മത്സരങ്ങൾക്ക് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.