ആഷസിൽ ഉഗ്രൻ ഫോമിൽ കളിക്കുന്ന ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ തടയാൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറക്ക് ആവുമെന്ന് മുൻ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ഡാരൻ ഗഫ്. പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ട് ക്രിക്കറ്റിൽ നിന്ന് ഒരു കൊല്ലത്തെ വിലക്കിന് ശേഷം ആഷസിൽ ഇറങ്ങിയ സ്റ്റീവ് സ്മിത്ത് മികച്ച ഫോമിലാണ്.
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ ഡബിൾ സെഞ്ചുറി നേടിയ സ്മിത്ത് സീരിസിൽ മികച്ച ഫോമിലാണ്. ആഷസിലെ ആദ്യ നാല് ഇന്നിങ്സിൽ 85,142, 144, 92, 211 എന്നിങ്ങനെയായിരുന്നു സ്റ്റീവ് സ്മിത്തിന്റെ റെക്കോർഡ്. തുടർന്നാണ് സ്റ്റീവ് സ്മിത്തിന്റെ ഈ പ്രകടനത്തെ തടയാൻ ആർക്കാവുമെന്ന ചോദ്യം ഉയർന്നത്.
ഇതിന് മറുപടിയായിട്ടാണ് സ്റ്റീവ് സ്മിത്തിനെ തടയാൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറക്ക് കഴിയുമെന്ന് മുൻ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ഡാരൻ ഗഫ് അഭിപ്രായപ്പെട്ടത്. ഈ കഴിഞ്ഞ വെസ്റ്റിൻഡീസ് പരമ്പരയിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടമടക്കം 13 വിക്കറ്റുകൾ ബുംറ വീഴ്ത്തിയിരുന്നു. കൂടാതെ ഹർഭജൻ സിങ്ങിനും ഇർഫാൻ പത്താനും ശേഷം ടെസ്റ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായും ബുംറ വെസ്റ്റിൻഡീസ് പരമ്പരയിൽ മാറിയിരുന്നു.