ഇന്ത്യൻ ടെസ്റ്റ് ടീമിൽ അവസരങ്ങൾ ലഭിക്കുന്നതിനായി രോഹിത് ശർമ്മ കൂടുതൽ കാത്തിരിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ രോഹിത് ശർമയ്ക്ക് പകരം അജിങ്കെ രഹാനെക്കാണ് അവസരം ലഭിച്ചിരുന്നത്. ലഭിച്ച അവസരം മുതലെടുത്ത രഹാനെ ആദ്യ ഇന്നിങ്സിൽ 81 റൺസും രണ്ടാം ഇന്നിങ്സിൽ 102 റൺസുമെടുത്തിരുന്നു.
കൂടാതെ ഹനുമ വിഹരിയും ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനവും പുറത്തെടുത്തതോടെ രോഹിത്തിന് ടീമിലേക്കുള്ള വരവ് എളുപ്പമായിരുന്നില്ല. രഹാനെയും വിഹാരിയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അത് കൊണ്ട് തന്നെ രോഹിത് ശർമ്മ അവസരത്തിനായി എനിയും കാത്തിരിക്കേണ്ടി വരുമെന്നും ഗംഭീർ പറഞ്ഞു. വിഹാരി ആദ്യ ഇന്നിങ്സിൽ 32 റൺസും രണ്ടാം ഇന്നിങ്സിൽ 102 റൺസും നേടിയിരുന്നു.
രോഹിത് ശർമയെ കൂടാതെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും കാത്തിരിക്കണമെന്ന് ഗംഭീർ പറഞ്ഞു. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും മികച്ച പ്രകടനം കാഴ്ചവെച്ച റിഷഭ് പന്തിനെ മാറ്റി സാഹയെ ഇറക്കേണ്ടതില്ലെന്നും ഗംഭീർ പറഞ്ഞു. രോഹിത് ശർമയും വൃദ്ധിമാൻ സാഹയും ഭാവിയിൽ ലഭിക്കുന്ന അവസരങ്ങൾ മുതലെടുക്കുകയാണ് വേണ്ടതെന്നും ഗംഭീർ കൂട്ടിച്ചേർത്തു.