റെഡി സ്റ്റെഡി ടോക്കിയോ വനിത വിഭാഗം ഹോക്കി ഫൈനലില്‍ ആതിഥേയരായ ജപ്പാനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന ഫൈനലില്‍ 2-1 എന്ന സ്കോറിനാണ് ഇന്ത്യ ജപ്പാനെ കീഴടക്കിയത്. 11ാം മിനുട്ടില്‍ നവ്ജോത് കൗര്‍ ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയെങ്കിലും മിനുട്ടുകള്‍ക്കുള്ളില്‍ ജപ്പാന്റെ മിനാമി ഷിമിസു സമനില ഗോള്‍ ആതിഥേയര്‍ക്കായി കണ്ടെത്തി. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇരു ടീമുകളും ഗോള്‍ കണ്ടെത്തിയതോടെ മത്സരത്തില്‍ ഏറെ ഗോള്‍ പിറക്കുമെന്ന് കരുതിയെങ്കിലും പിന്നീട് ഗോളുകളൊന്നും വരാതിരുന്നപ്പോള്‍ ഇരു ടീമുകളും 1-1ന് ആദ്യ പകുതിയില്‍ പിരിഞ്ഞു.
രണ്ടാം പകുതി ആരംഭിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ ഇന്ത്യ വീണ്ടും മത്സരത്തില്‍ ലീഡ് കൈവരിച്ചു. ലാല്‍റെംസിയാമിയാണ് ഏറെ നിര്‍ണ്ണായകമായ ഗോള്‍ നേടിയത്. പിന്നീട് ഗോളുകള്‍ മത്സരത്തില്‍ വരാതിരുന്നപ്പോള്‍ 2-1 എന്ന സ്കോറിന് ഇന്ത്യയുടെ വിജയം ഉറപ്പായി.