അടുത്ത ലോകകപ്പിന് മുൻപ് പാകിസ്ഥാനെ ലോകം കണ്ട മികച്ച ടീമാക്കി മാറ്റുമെന്ന് പാകിസ്ഥാൻ പ്രധാന മന്ത്രിയും മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയായ ഇമ്രാൻ ഖാൻ. പാകിസ്ഥാനെ മികച്ച ടീമാക്കി മാറ്റാനുള്ള പദ്ധതികൾ തന്റെ കൈവശം ഉണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. അമേരിക്കയിലെ സന്ദർശനത്തിനിടെ പാകിസ്ഥാൻ വംശജരുടെ ഒത്തുകൂടലിൽ സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ. പാകിസ്ഥാൻ ക്രിക്കറ്റിന്റെ മുഖച്ഛായ താൻ മാറ്റുമെന്നും അടുത്ത ലോകകപ്പിന് ഒരു പ്രൊഫഷണൽ പാകിസ്ഥാൻ ടീമിനെ തങ്ങൾക്ക് കാണാമെന്നും ഇത് തന്റെ വാക്കാണെന്നും ഇമ്രാൻ ഖാൻ ചടങ്ങിൽ പറഞ്ഞു.
ഈ കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാൻ സെമി ഫൈനൽ കാണാതെ പുറത്തതായിരുന്നു. പോയിന്റ് പട്ടികയിൽ ന്യൂസിലാൻഡിനൊപ്പം 11 പോയിന്റ് നേടിയെങ്കിലും നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ലോകകപ്പിൽ അഞ്ച് മത്സരങ്ങൾ പാകിസ്ഥാൻ ജയിക്കുകയും മൂന്നെണ്ണം പരാജയപ്പെടുകയും ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കപെടുകയും ചെയ്തിരുന്നു. ഇന്ത്യക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും വെസ്റ്റിൻഡീസിനെതിരെയും വലിയ മാർജിനിൽ തോറ്റതാണ് പാകിസ്ഥാന് തിരിച്ചടിയായത്.