ഇന്ത്യയുടെ പുതിയ കോച്ചിനുള്ള അപേക്ഷ ശ്രീലങ്കന്‍ മുന്‍ നായകനും മുംബൈ ഇന്ത്യന്‍സ് കോച്ചുമായ മഹേല ജയവര്‍ദ്ധനേ സമര്‍പ്പിക്കുമെന്ന് സൂചന. ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സ് എന്ന മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ ഇന്ത്യന്‍സിനെ ഈ വര്‍ഷത്തേ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച കോച്ചായിരുന്നു മഹേല. അഭ്യൂഹങ്ങള്‍ പ്രകാരം രോഹിത് ശര്‍മ്മയ്ക്ക് ഏകദിന ക്യാപ്റ്റന്‍സി ലഭിയ്ക്കുകയാണെങ്കില്‍ താരത്തിനൊപ്പം മുംബൈ ഇന്ത്യന്‍സില്‍ പ്രവര്‍ത്തിച്ച പരിചയം മഹേലയ്ക്ക് തുണയായേക്കുമെങ്കിലും മറ്റു പ്രമുഖ താരങ്ങളും ഈ പദവിയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
ഗാരി കിര്സ്റ്റെന്, ടോം മൂഡി, വിരേന്ദര്‍ സേവാഗ് എന്നിവരാണ് പദവിയ്ക്കായി അപേക്ഷ നല്‍കുമെന്ന് കരുതപ്പെടുന്ന മറ്റ് പ്രമുഖര്‍. രണ്ട് വട്ടം ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിനൊപ്പം നേടിയ താരമാണ് മഹേല. അതേ സമയം ഗാരി കിര്സ്റ്റെന് നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കോച്ചായി പ്രവര്‍ത്തിച്ച് വരികയാണ്. 2011 ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ കോച്ചായിരുന്നു ഗാരി.
ശാസ്ത്രിയെ പരിഗണിച്ചപ്പോള്‍ ടീമിന്റെ കോച്ചിനായി ഒപ്പം പരിഗണിക്കപ്പെട്ട താരങ്ങളായിരുന്നു ടോം മൂഡിയും വിരേന്ദര്‍ സേവാഗും. ജൂലൈ 30നാണ് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയ്യതി.