സബ്ജൂനിയർ ഫുട്ബോൾ; വയനാടിനെതിരെ മലപ്പുറത്തിന്റെ ഗംഭീര തിരിച്ചുവരവ്

ഫോർട്ട് കൊച്ചിയിൽ വെച്ച് നടക്കുന്ന 39ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് വിജയ തുടക്കം. ഗ്രൂപ്പ് സിയിൽ ഇന്ന് നടന്ന മത്സരത്തിൽ മലപ്പുറം വയനാടിനെ ആണ് തോല്പ്പിച്ചത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു മലപ്പുറത്തിന്റെ വിജയം. ആദ്യ 20 മിനുട്ടിനുള്ളിൽ രണ്ട് ഗോളിന് പിറകിൽ പോയ മലപ്പുറം പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയാണ് വിജയിച്ചത്. റാബി താപയുടെ ഹാട്രിക്കും വിവേകിന്റെ ഇരട്ട ഗോളുമാണ് മലപ്പുറത്തിന് ജയം നൽകിയത്. വയനാടിനു വേണ്ടി റിഷാദും സാബുവുമാണ് ഗോളുകൾ നേടിയത്.

ഇന്ന് ഗ്രൂപ്പ് സിയിൽ നടന്ന മറ്റൊരു മത്സരത്തിൽ എറണാകുളം വൻ വിജയം സ്വന്തമാക്കി. എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പത്തനംതിട്ടയെ ആണ് എറണാകുളം തോൽപ്പിച്ചത്. എറണാകുളത്തിനായി അർജിത് അശോക് ഇരട്ടഗോളുകളും, മിദ്ലാജ്, അക്ഷയ് കുമാർ, ദീപക് എന്നിവർ ഒരോ ഗോളും നേടി.