ലോകകപ്പിലെ ഇന്ത്യയുടെ നാലാം നമ്പറിലേക്കുള്ള പരീക്ഷണങ്ങളും പദ്ധതികളും പാളിയെന്ന് അഭിപ്രായപ്പെട്ട് യുവരാജ് സിംഗ്. ഒട്ടനവധി താരങ്ങളെ ഈ സ്ഥാനത്ത് പരീക്ഷിച്ചുവെങ്കിലും ആര്‍ക്കും മികച്ച രീതിയില്‍ ഈ സ്ഥാനത്തോട് നീതി പുലര്‍ത്തുവാന്‍ സാധിച്ചില്ലെന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നാലാം നമ്പര്‍ ബാറ്റ്സ്മാനായ യുവരാജ് സിംഗ് പറഞ്ഞു. ഇന്ത്യ രണ്ട് ഐസിസി കിരീടങ്ങള്‍ നേടിയപ്പോള്‍ യുവരാജ് ആണ് നാലാം നമ്പറില്‍ ടീമിന്റെ മികവാര്‍ന്ന പോരാളിയായത്. എന്നാല്‍ ഇന്ത്യയുടെ ഇന്നത്തെ മാനേജ്മെന്റ് നാലാം നമ്പറിലെ താരങ്ങളോട് കാണിച്ച സമീപനം ശരിയായില്ലെന്ന് യുവരാജ് സിംഗ് പറഞ്ഞു.
2003ല്‍ ന്യൂസിലാണ്ട് പരമ്പരയില്‍ ടീമിലെ എല്ലാവരും പരാജയപ്പെട്ടപ്പോളും മാനേജ്മെന്റ് ഇതേ ടീമാണ് ലോകകപ്പില്‍ കളിക്കുവാന്‍ പോകുന്നതെന്ന് അറിയിച്ചിരുന്നു. അത് പോലെ ആരെയെങ്കിലും ഇപ്പോളത്തെ ടീം മാനേജ്മെന്റ് വളര്‍ത്തിക്കൊണ്ടു വരണമായിരുന്നുവെന്ന് യുവരാജ് സിംഗ് പറഞ്ഞു. അമ്പാട്ടി റായിഡുവിനെ ഇത് പോലെ വിശ്വാസത്തില്‍ എടുക്കണമായിരുന്നുവെന്നാണ് യുവരാജ് സിംഗ് പറയുന്നത്. താരത്തിന് അത്തരമൊരു ഉറപ്പ് ലഭിക്കാതെ പോയത് തന്നെ അമ്പരപ്പിച്ചുവെന്നും യുവരാജ് പറഞ്ഞു.
ന്യൂസിലാണ്ടില്‍ റായിഡു റണ്‍സ് കണ്ടെത്തി പിന്നീട് മോശം ഫോം വന്നപ്പോള്‍ താരത്തെ പുറത്താക്കി പകരം ഋഷഭ് പന്തിനെ പരിഗണിച്ച്, ഏതാനും മത്സരങ്ങള്‍ക്ക് ശേഷം താരവും പുറത്ത് പോയി. നാലാം നമ്പര്‍ പോലെ ഇത്രയും പ്രാധാന്യമുള്ള പൊസിഷനില്‍ കളിക്കുന്ന താരത്തിന് വേണ്ടത്ര പിന്തുണ നല്‍കേണ്ടത് ഏറെ ആവശ്യമായ കാര്യമായിരുന്നുവെന്നും യുവരാജ് പറഞ്ഞു. ഒരാള്‍ക്ക് ഒരു പ്രത്യേക സമയത്ത് മികവ് പുലര്‍ത്താനായില്ലെന്ന് കരുതി അവരെ പുറത്താക്കുകയല്ല താങ്കള്‍ ചെയ്യേണ്ടതെന്നും യുവരാജ് സിംഗ് പറഞ്ഞു.
ഇതിനിടെ ദിനേശ് കാര്‍ത്തിക്കിനെയും ഇന്ത്യ ഇടക്കാലത്ത് ഈ സ്ഥാനത്ത് പരീക്ഷിച്ചു, പിന്നീട് വീണ്ടും പന്തിലേക്ക് പോയി. എന്തായിരുന്നു ഇവരുടെ നാലാം നമ്പറിലെ പ്ലാനെന്ന് സത്യമായിട്ടും തനിക്ക് അറിയില്ലെന്നും യുവരാജ് സിംഗ് പറഞ്ഞു. എന്നാല്‍ റായിഡുവിനോട് കാണിച്ചത് നീതിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും ലോകകപ്പില്‍ കളിക്കേണ്ടിയിരുന്ന താരമായിരുന്നു റായിഡുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും യുവരാജ് സിംഗ് വ്യക്തമാക്കി.