ബംഗ്ലാദേശിനിത് ചരിത്രം, ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം തോല്‍വി

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പില്‍ കളി മറക്കുന്നത് പതിവാക്കി ദക്ഷിണാഫ്രിക്ക. ഇംഗ്ലണ്ടിനെതിരെ ഏറ്റ തോല്‍വിയ്ക്ക് ശേഷം രണ്ടാം മത്സത്തില്‍ ബംഗ്ലാദേശിനെതിരെയും തോല്‍വിയേറ്റ് വാങ്ങി ഫാഫ് ഡു പ്ലെസിയും സംഘവും. ഇന്നത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 330 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 309 റണ്‍സാണ് 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്.

ഫാഫ് ഡു പ്ലെസി അര്‍ദ്ധ ശതകം നേടിയപ്പോള്‍ മറ്റു താരങ്ങളില്‍ മികച്ച തുടക്കം ലഭിച്ച എയ്ഡന്‍ മാര്‍ക്രം(45), ഡേവിഡ് മില്ലര്‍(38), റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍(41) എന്നിവര്‍ക്ക് തങ്ങളുടെ ഇന്നിംഗ്സ് വലിയ സ്കോറിലേക്ക് നയിക്കുവാന്‍ സാധിക്കാതെ പോയതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. ഫാഫ് ഡു പ്ലെസി 53 പന്തില്‍ നിന്ന് 62 റണ്‍സ് നേടിയാണ് പുറത്തായത്.

അവസാന ഓവറുകളില്‍ ജെപി ഡുമിനി പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിനു 21 റണ്‍സ് അകലെ വരെ എത്തുവാനെ ടീമിനു സാധിച്ചുള്ളു. ലക്ഷ്യം അവസാന 18 പന്തില്‍ 44 റണ്‍സാക്കി കുറച്ചുവെങ്കിലും അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ മുസ്തഫിസുര്‍ ഡുമിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ കാര്യങ്ങള്‍ ബംഗ്ലാദേശിനു അനുകൂലമായി മാറി. 45 റണ്‍സാണ് 37 പന്തില്‍ നിന്ന് ജെപി ഡുമിനി നേടിയത്.

ബംഗ്ലാദേശിനു വേണ്ടി മുസ്തഫിസുര്‍ മൂന്നും റഹ്മാന്‍ മുഹമ്മദ് സൈഫുദ്ദീന്‍ രണ്ട് വിക്കറ്റും ഷാക്കിബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഫാഫ് ഡു പ്ലെസിയുടെ നിര്‍ണ്ണായക വിക്കറ്റാണ് മെഹ്ദി ഹസന്‍ വീഴ്ത്തിയത്.