ലോകകപ്പിന്റെ ചരിത്രത്തിലേക്ക് പുതിയൊരു ഏട് രചിയ്ക്കുകയായിരുന്നു ഇന്ന് ഇമ്രാന് താഹിര്‍. ഫാഫ് ഡു പ്ലെസി ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇമ്രാന് താഹിറിനെ ബൗളിംഗിനായി പന്ത് ഏല്പിച്ചപ്പോള് ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു സ്പിന്നര്‍ പന്തെറിയുക എന്ന റെക്കോര്‍ഡ് കൂടി താഹര്‍ സ്വന്തമാക്കുകയായിരുന്നു.
തന്റെ ക്യാപ്റ്റന്റെ വിശ്വാസം കാത്ത് രക്ഷിയ്ക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. രണ്ടാം പന്തില്‍ ഇംഗ്ലണ്ടിന്റെ അപകടകാരിയായ ബാറ്റ്സ്മാന് ജോണി ബൈര്‍സ്റ്റോയെയാണ് 40 വയസ്സുകാരന് വെറ്ററന്‍ താരം പുറത്താക്കിയത്. ലോകകപ്പില്‍ ക്രെയിഗ് മക്ഡര്മട്ടാണ് ഇതിനു മുമ്പ് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ മറ്റൊരു താരം. 1992ല്‍ ന്യൂസിലാണ്ട് താരം ജോണ്‍ റൈറ്റിനെയാണ് ക്രെയിഗ് മക്ഡര്‍മട്ട് പുറത്താക്കിയത്.
അന്ന് 1992 ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ തന്നെയായിരുന്നു മക്ഡര്‍മട്ടിന്റെ ഈ നേട്ടം. നിറമുള്ള ജഴ്സിയിലേക്ക് ക്രിക്കറ്റ് മാറിയ ആദ്യ ലോകകപ്പ് കൂടിയായിരുന്നു 1992ലേത്. അന്ന് ആദ്യം എറിഞ്ഞ രണ്ട് പന്തുകളും വൈധായപ്പോള് മത്സരത്തിലെ ആദ്യ നിയമാനുസൃതമായ പന്തില്‍ തന്നെ വിക്കറ്റ് നേടുകയായിരുന്നു ക്രെയിഗ് മക്ഡര്‍മട്ട്.