ജോ റൂട്ടിന്റെ ബൗളിംഗിനു മുന്നല്‍ തകര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ജോഫ്രയ്ക്കും മൂന്ന് വിക്കറ്റ്

Sports Correspondent

പാക്കിസ്ഥാനെ പരാജയപ്പെടുത്തിയെത്തിയ അഫ്ഗാനിസ്ഥാന് തങ്ങളുടെ രണ്ടാം സന്നാഹ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച. ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ വെറും 38.4 ഓവറില്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. 44 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് ടീമിന്റെ ടോപ് സ്കോറര്‍. നൂര്‍ അലി സദ്രാന്‍ 30 റണ്‍സ് നേടിയപ്പോള്‍ മറ്റു താരങ്ങളില്‍ ആരില്‍ നിന്നും വലിയൊരു ഇന്നിംഗ്സ് വരാതിരുന്നതും കാര്യങ്ങള്‍ അഫ്ഗാനിസ്ഥാന് ശ്രമകരമാക്കി മാറ്റി. അവസാന വിക്കറ്റില്‍ നബിയും ദവലത് സദ്രാനും കൂടി നേടിയ 33 റണ്‍സാണ് അഫ്ഗാനിസ്ഥാനെ 160 റണ്‍സിലേക്ക് എത്തിച്ചത്. ദവലത് സദ്രാന്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു.

അതേ സമയം ഇംഗ്ലണ്ടിനു വേണ്ടി ജോ റൂട്ടാണ് മൂന്ന് വിക്കറ്റ് നേടിയത്. ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റുമായി ഇംഗ്ലണ്ട് അവസാന ഇലവനില്‍ തന്നെ ഉള്‍പ്പെടുത്തേണ്ട സാഹചര്യമാണെന്ന് ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചു. അതേ സമയം മോയിന്‍ അലിയ്ക്കും ബെന്‍ സ്റ്റോക്സിനും ഓരോ വിക്കറ്റാണ് ലഭിച്ചത്.