2019 ലോകകപ്പില്‍ ഓസ്ട്രേലിയ ഏത് വിധത്തില്‍ സ്പിന്നിനെ നേരിടുമെന്നും എത്തരത്തില്‍ സ്പിന്നിനെ ഉപയോഗിക്കുമെന്നതും ആശ്രയിച്ചാവും ടീമിന്റെ സാധ്യതകളെന്ന് വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗ്. ഓസ്ട്രേലിയയുടെ സ്പിന്നര്‍മാരായ നഥാന്‍ ലയണും ആഡം സംപയും സൃഷ്ടിക്കുന്ന പ്രഭാവത്തോടൊപ്പം മറ്റു രാജ്യങ്ങളിലെ സ്പിന്നര്‍മാരെ എത്ര ശക്തമായി ഓസ്ട്രേലിയ നേരിടുകയും ചെയ്യുന്നുവോ അതാവും പരമ്പരയിലെ സുപ്രധാനമായ ഘടകമെന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞത്.
അടുത്തിടെ നടന്ന ഇന്ത്യന്‍ പര്യടനം 3-2നു ടീമിനെ വിജയിക്കുവാന്‍ സഹായിച്ചത് ഈ ഘടകങ്ങളാണ്, ഇതാവും ഓസ്ട്രേലിയയുടെ സാധ്യതകളെ ബാധിക്കുക എന്നും റിക്കി പോണ്ടിംഗ് പറഞ്ഞു. കഴിഞ്ഞ 12-18 മാസങ്ങളായി ഇത് തന്നെയായിരുന്നു ഓസ്ട്രേലിയയുടെ തലവേദന. ഇപ്പോള്‍ സംപ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുക്കുന്നതും ലയണിന്റെ സാന്നിദ്ധ്യവും ഒപ്പം മാക്സ്വെല്ലും ടീമിന്റെ സ്പിന്‍ യൂണിറ്റിനെ ശക്തിപ്പെടുത്തുന്നുവെന്നും പോണ്ടിംഗ് പറഞ്ഞു.
സ്മിത്തും വാര്‍ണറും ടീമിലേക്ക് മടങ്ങിയെത്തിയതോടെ സ്പിന്നിനെ നേരിടുന്നതില്‍ ഓസ്ട്രേലിയയ്ക്ക് പഴയ ആ ശക്തി തിരിച്ച് കിട്ടിയെന്നും പോണ്ടിംഗ് പറഞ്ഞു. ഇരുവരും മികച്ച രീതിയിലാണ് ഇപ്പോള്‍ കളിയ്ക്കുന്നത്, ഇരുവരും ലോകോത്തര താരങ്ങളാണെന്നതതില് സംശയമില്ലായെന്നും അവരുടെ സാന്നിദ്ധ്യം ബാറ്റിംഗ് നിരയെ ശക്തമാക്കുമെന്നും പോണ്ടിംഗ് പറഞ്ഞു.