മുൻ മാഞ്ചസ്റ്റർ സിറ്റി, ബാഴ്സലോണ മിഡ്ഫീൽഡർ യായ ടൂറെ സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ചു. താരത്തിന്റെ ഏജന്റ് ആണ് ടൂറെ ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന കാര്യം മാധ്യമ പ്രവർത്തികളെ അറിയിച്ചത്. കഴിഞ്ഞ ഡിസംബറിൽ ഗ്രീക്ക് ക്ലബായ ഒളിമ്പിക്കോസിൽ നിന്ന് കരാർ റദ്ധാക്കിയതിന് ശേഷം ടൂറെ മറ്റൊരു ടീമിന് വേണ്ടി കളിച്ചിരുന്നില്ല. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റി താരത്തെ റിലീസ് ചെയ്തിരുന്നു. തുടർന്നാണ് രണ്ടാം തവണ ടൂറെ ഗ്രീക്ക് ക്ലബ്ബിൽ എത്തുന്നത്.
മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ ടൂറെ ബാഴ്സലോണ, മൊണാകോ എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ബാഴ്സലോണക്ക് വേണ്ടി മൂന്ന് സീസൺ കളിച്ച ടൂറെ അവരുടെ കൂടെ ലാ ലീഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. തുടർന്നാണ് ടൂറെ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ ടൂറെ മൂന്ന് പ്രീമിയർ ലീഗ് കിരീടവും രണ്ടു ലീഗ് കപ്പും ഒരു എഫ്.എ കപ്പും നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 316 മത്സരങ്ങൾ കളിച്ച ടൂറെ 79 ഗോളുകളും നേടിയിട്ടുണ്ട്. 101 തവണ ഐവറി കോസ്റ്റിനു വേണ്ടി കളിച്ച ടൂറെ മൂന്ന് ലോകകപ്പിലും അവരെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്.