മാഞ്ചസ്റ്റർ യുണൈറ്റഡ് അർഹിക്കുന്നത് യൂറോപ്പ ലീഗ് മാത്രമാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. യുണൈറ്റഡിന്റെ പ്രകടനങ്ങൾ ഇതു മാത്രമെ അർഹിക്കുന്നുള്ളൂ എന്നായിരുന്നു സോൾഷ്യാറിന്റെ വാക്കുകൾ. ഇന്നലെ ഹഡേഴ്സ്ഫീൽഡിനോട് സമനില വഴങ്ങിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിച്ചിരുന്നു. ഇനി അവസാന മത്സരം വിജയിച്ചാലും മാഞ്ചസ്റ്റർ യുണൈറ്റഡിന് നാലാം സ്ഥാനത്ത് എത്താൻ ആകില്ല. ലീഗ് ടേബിളിൽ കാണുന്നത് പ്രകടനത്തിന്റെ പ്രതിഫലനമാണെന്നും ടേബിൾ കളവ് പറയില്ല എന്നും ഒലെ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് സർ അലക്സ് ഫെർഗൂസൺ പരിശീലക സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ഇത് നാലാം തവണയാണ് ടോപ്പ് 4 അല്ലാതെ ഫിനിഷ് ചെയ്യുന്നത്. സർ അലക്സ് ഉണ്ടായിരുന്ന കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരിക്കൽ പോലും ടോപ് 4ന് പുറത്ത് പോയിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിലെ താരങ്ങളെ ഒലെ വിമർശിച്ചു. ഇന്നലെ കളിച്ച പല താരങ്ങളും ഇനി യുണൈറ്റഡ് ജേഴ്സിയിൽ കളിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാതെ ആയതോടെ വൻ താരങ്ങളെ സൈൻ ചെയ്യാമെന്ന യുണൈറ്റഡ് പ്രതീക്ഷകൾക്കും തിരിച്ചടിയായി.