ലിവർപൂളിന്റെ പ്രസിംഗ് ഫുട്ബോളും വേഗതയും ഒന്നും ക്യാമ്പ്നൂവിൽ മതിയായില്ല ബാഴ്സലോണ എന്ന ടാലന്റുകളുടെ സാമ്രാജ്യത്തെ തടയാൻ. മെസ്സി എന്ന ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളറെ തടയാൻ. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ തന്നെ ബാഴ്സലോണ ഫൈനലിലേക്കുള്ള കാൽ എടുത്തുവെച്ചു എന്ന് പറയാം. എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് ഇന്ന് ബാഴ്സലോണ നേടിയത്.
വാൻ ഡൈകിനും സംഘത്തിനും ബാഴ്സലോണ അറ്റാക്കിനെ ഒരു വിധത്തിൽ തടയാൻ തുടക്കത്തിൽ കഴിഞ്ഞു എങ്കിലും ഏതു ഡിഫൻസിലും വിടവ് കണ്ടെത്താനുള്ള കഴിവ് ബാഴ്സലോണക്ക് ഉണ്ടായിരുന്നു. കളിയുടെ 26ആം മിനുട്ടിൽ മുൻ ലിവർപൂൾ രക്തമായ സുവാരസ് ആണ് ആദ്യം ലിവർപൂളിനെ പിറകിലാക്കിയത്. ആൽബയുടെ പാസിൽ നിന്ന് ഒരു സ്ലൈഡിംഗ് ഫിനിഷ്.
സുവാരസിന്റെ ഈ ചാമ്പ്യൻസ് ലീഗ് സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. തന്റെ മുൻ ക്ലബാണ് ലിവർപൂൾ എങ്കിലും ആഹ്ലാദം അടക്കിയൊന്നും വെക്കാതെ സുവാരസ് ആഘോഷിച്ചു. ആദ്യ പകുതിയിൽ ആ ഗോൾ മാത്രമെ ഉണ്ടായുള്ളൂ. രണ്ടാം പകുതിയിൽ ആകട്ടെ ലിവർപൂൾ ആയിരുന്നു ഒരു പരിധി വരെ നന്നായി കളിച്ചതും. എന്നാൽ എല്ലാം മെസ്സി മാജിക്കിൽ മാറി. ആദ്യം 75ആം മിനുട്ടിൽ ഒരു ടാപിന്നിലൂടെ ഗോൾ. സുവാരസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ടതായെ മെസ്സിക്ക് വന്നുള്ളൂ. സ്കോർ 2-0.
എന്നാൽ 82ആം മിനുട്ടിൽ കണ്ടത് മെസ്സി ആരാണെന്ന് അടിവരയിടുന്ന ഗോളായിരുന്നു. അത്രയും ദൂരെ നിന്ന് മെസ്സി എടുത്ത ഫ്രീകിക്ക് ലിവർപൂൾ ഗോൾകീപ്പർ അലിസണ് കാണാൻ വരെ കിട്ടിയില്ല. മെസ്സിയുടെ 600ആം ക്ലബ് ഫുട്ബോൾ ഗോൾ. സ്കോർ 3-0. ഇനി ആൻഫീൽഡിൽ അത്ഭുതങ്ങൾ കാണിക്കേണ്ടി വരും ഈ ലീഡ് മറികടന്ന് ലിവർപൂളിന് ഫൈനലിൽ എത്താൻ.