റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിക്കും 600 ക്ലബ് ഗോൾ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്‌സലോണ ജേഴ്സിയിൽ 600 ഗോളെന്നു ചരിത്ര നേട്ടം രചിച്ച് അർജന്റീന ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സി. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ലിവർപൂളിനെതിരെ ഇരട്ട ഗോൾ നേടിയതോടെയാണ് 600 ഗോൾ എന്ന നേട്ടം മെസ്സി കൈവരിച്ചത്. ആദ്യ ഗോൾ സുവാരസിന്റെ പന്ത് പോസ്റ്റിൽ തട്ടി തെറിച്ചതിന്റെ റീബൗണ്ട് ആയിരുന്നെങ്കിൽ രണ്ടാമത്തെ ഗോൾ ഒരു ലോകോത്തര ഫ്രീ കിക്കിലൂടെയായിരുന്നു. കഴിഞ്ഞ ദിവസം ഇന്റർ മിലാനെതിരെ ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും 600 ക്ലബ് ഗോളുകൾ എന്ന നേട്ടം കൈവരിച്ചിരുന്നു.

കൃത്യം 14 വർഷം മുൻപ് 2005 മെയ് 1നാണ് മെസ്സി ബാഴ്‌സലോണക്ക് വേണ്ടി ആദ്യമായി ഗോൾ നേടിയത്. അൽബസിറ്റിക്കെതിരെയായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. ലാ ലീഗയിൽ ഈ സീസണിൽ 34 ഗോളുകൾ നേടിയ മെസ്സി ലിവർപൂളിനെതിരെ നേടിയ ഇരട്ടഗോളുകളടക്കം ചാമ്പ്യൻസ് ലീഗിൽ 12 ഗോളുകളും ഈ സീസണിൽ നേടിയിട്ടുണ്ട്. മെസ്സി നേടിയ ഇരട്ട ഗോളുകളടക്കം ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ബാഴ്‌സലോണ ലിവർപൂളിനെ തോൽപ്പിച്ചിരുന്നു.