ലിവർപൂൾ പ്രാർത്ഥനകൾക്ക് വീണ്ടും ഫലമില്ല, മാഞ്ചസ്റ്റർ സിറ്റി ബേർൺലിയും കടന്നു

na

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ നിർണായക ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ബേൺലിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് സിറ്റി ജയം സ്വന്തമാക്കിയത്. ഇതോടെ ലീഗ് 36 മത്സരങ്ങൾ പിന്നിട്ടപ്പോൾ 92 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്തെത്തി. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 91 പോയിന്റുള്ള ലിവർപൂൾ രണ്ടാം സ്ഥാനത്ത് തുടരും.

ഹോം ഗ്രൗണ്ടിൽ പ്രതിരോധ ഫുട്‌ബോളിന് ഏറെ പേര് കേട്ട ബേൺലി സിറ്റിയെ പിടിച്ച് കെട്ടും എന്ന ലിവർപൂളിന്റെ സ്വപ്നങ്ങളാണ് ഇന്ന് തകർന്നത്. ആദ്യ പകുതിയിൽ സിറ്റിയുടെ ആക്രമണത്തെ നന്നായി തടുക്കാൻ അവർക്ക് ആയെങ്കിലും ഏത് ചെറിയ അവസരവും മുതലാക്കുന്ന സിറ്റിയെ തടയാൻ രണ്ടാം പകുതിയിൽ അവർക്കായില്ല. മത്സരത്തിന്റെ 63 ആം മിനുട്ടിൽ ബെർനാടോ സിൽവ ബോക്സിലേക് നൽകിയ പാസ്സ് ക്ലിയർ ചെയ്യുന്നതിൽ ബേൺലി പ്രതിരോധക്കാർക്ക് പിഴച്ച അവസരം മുതലാക്കി അഗ്യൂറോ പന്ത് വലയിലേക്ക് തൊടുത്തു. ബേൺലി ഡിഫൻഡർ ക്ലിയറന്സിന് ശ്രമിച്ചെങ്കിലും ഗോൾ ലൈൻ ടെക്‌നോളജി സിറ്റിക്ക് ഗോൾ അനുവദിച്ചു. പിന്നീടും കാര്യമായി ആക്രമണം നടത്താൻ ബേൺലി താരങ്ങൾ ശ്രമികാതിരുന്നത് സിറ്റിക്ക് കാര്യങ്ങൾ എളുപ്പമാക്കി.