ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് ഫോർ യുദ്ധം എവിടെ ചെന്ന് അവസാനിക്കും എന്ന് ആർക്കും ഒരു ഉറപ്പും പറയാൻ കഴിയില്ല. ഇന്നലെ ടോട്ടൻഹാമും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും പരാജയപ്പെട്ടതിനു പിന്നാലെ ആദ്യ നാലിൽ ഫിനിഷ് ചെയ്യാൻ പൊരുതുന്ന ആഴ്സണലും തോറ്റു. സ്വന്തം ഗ്രൗണ്ടിൽ ആയിരുന്നു ആഴ്സണലിന്റെ ഞെട്ടിക്കുന്ന തോൽവി. ഇന്ന് ക്രിസ്റ്റൽ പാലസാണ് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വന്ന് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചത്.
സെറ്റ് പീസുകളിലെ ക്രിസ്റ്റൽ പാലസിന്റെ മികവിനു മുന്നിൽ ആണ് ഇന്ന് ആഴ്സണൽ വീണത്. കളിയുടെ 17ആം മിനുട്ടിൽ ബെന്റകെ ആയിരുന്നു പാലസിന്റെ ആദ്യ ഗോൾ നേടിയത്. ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു ബെന്റകയുടെ ഹെഡർ ഗോൾ. ബെന്റകെ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ഒരു ലീഗ് ഗോൾ നേടിയത്. ആ ഗോളോടെ പതറിയ ആഴ്സണൽ ഉയർത്തെഴുന്നേൽക്കാൻ രണ്ടാം പകുതി ആകേണ്ടി വന്നു.
രണ്ടാം പകുതി മികച്ച രീതിയിൽ തുടങ്ങിയ ആഴ്സണൽ ഓസിലിലൂടെ 47ആം മിനുട്ടിൽ സമനില പിടിച്ചു. പിന്നീടങ്ങോട്ട് ആക്രമിച്ചു തന്നെ ആഴ്സണൽ കളിച്ചു. എന്നാൽ 61ആം മിനുട്ടിൽ മുസ്താഫിക്ക് പറ്റിയ അബദ്ധം ആഴ്സണലിന്റെ എല്ലാ പരിശ്രമങ്ങൾക്കും തിരിച്ചടിയായി. മുസ്താഫിയുടെ അബദ്ധം മുതലാക്കി സാഹ വീണ്ടും പാലസിനെ മുന്നിക് എത്തിച്ചു.
69ആം മിനുട്ടിൽ വീണ്ടും ഒരു സെറ്റ് പ്ലേയും ഹെഡറും പാൽസിനെ 3-1ന് മുന്നിൽ ആക്കി. ഇത്തവണ മക്കാർതർ ആയിരുന്നു ഗോൾ നേടിയത്. ഒബാമയങ്ങിലൂടെ ഒരു ഗോൾ നേടി സ്കോർ 3-2 എന്നാക്കാൻ ആഴ്സണലിന് ആയെങ്കിലും പരാജയത്തിൽ രക്ഷപ്പെടാൻ അവർക്കായില്ല. ഈ തോൽവിയോടെ 34 മത്സരങ്ങളിൽ 66 പോയന്റുമായി ലീഗിൽ നാലാമതു നിൽക്കുകയാണ് ആഴ്സണൽ.