അരീക്കോടുമാരൻ റാഷിദ് നാലകത്ത് ജമ്മു കാശ്മീരിലെ ഒരു ക്ലബിന്റെ പ്രതീക്ഷയായി മാറുകയാണ്. സെക്കൻഡ് ഡിവിഷൻ ക്ലബായ ലോൺസ്റ്റാർ കാശ്മീരിന്റെ വല കാക്കുന്ന റാഷിദ് അവിടെ അത്ഭുത പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. ഇന്നലെ ഹിന്ദുസ്ഥാൻ എഫ് സിക്കെതിരെ സ്വന്തമാക്കിയ വിജയത്തിൽ ഉൾപ്പെടെ റാഷിദിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇപ്പോഴും സെക്കൻഡ് ഡിവിഷൻ ലീഗിൽ ഫൈനൽ റൗണ്ടിൽ കടക്കാം എന്ന പ്രതീക്ഷയിലാണ് ലോൺസ്റ്റാർ കാശ്മീർ.
നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഴു പോയന്റാണ് ലോൺസ്റ്റാർ കാശ്മീരിന് ഉള്ളത്. ARA എഫ് സിയാണ് ലീഗിൽ ഗ്രൂപ്പിൽ യോഗ്യത നേടാൻ സാധ്യതയുള്ള മറ്റൊരു ടീം. ARA എഫ് സിക്ക് ഏഴു മത്സരങ്ങളിൽ നിന്ന് 9 പോയന്റാണ് ഉള്ളത്. ഇനി ഒരു മത്സരം മാത്രമേ ARA എഫ് സിക്ക് ബാക്കിയുള്ളൂ. ലോൺ സ്റ്റാറിന് ഇനിയും 4 മത്സരങ്ങൾ ബാക്കി ഉള്ളതിനാൽ ഫൈനൽ റൗണ്ടിൽ എത്താമെന്ന പ്രതീക്ഷയിലാണ് ലോൺ സ്റ്റാർ.
ലോൺസ്റ്റാറിനായി റാഷിദിന്റെ ഏറ്റവും മികച്ച പ്രകടനം വന്നത് ബെംഗളൂരു എഫ് സിക്ക് എതിരെ ആയിരുന്നു. ബെംഗളൂരു എഫ് സി റിസേർവ്സിനെതിരെ 13 സേവുകളാണ് റാഷിദ് നടത്തിയത്. അന്ന് മത്സരം ഗോൾരഹിതമായി അവസാനിച്ചത് റാഷിദിന്റെ മാത്രം കഴിവിലായിരുന്നു.
ഇത്തവണ സന്തോഷ് ട്രോഫിയിൽ ജമ്മു കാശ്മീരിന്റെ ഗോൾ കീപ്പറായും റാഷിദ് കളിച്ചിരുന്നു. ഇന്ത്യയിലെ പ്രമുഖ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് റാഷിദ്. മുമ്പ് കൊൽക്കത്തൻ ഫുട്ബോൾ ലീഗിൽ കൊൽക്കത്തയിലെ വമ്പന്മാരായ മൊഹമ്മദൻസ് സ്പോർടിംഗിന്റെയും ഐ ലീഗ് ക്ലബായ ഷില്ലോങ്ങ് ലജോങ്ങിന്റെയും ഭാഗമായിട്ടുണ്ട് റാഷിദ്.