അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിൽ ഇന്ത്യക്ക് നിരാശ. ഇന്ന് നടന്ന ആദ്യ യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഉസ്ബെക്കിസ്ഥാനോട് എതിരില്ലാത്ത മൂന്നു ഗോളുകളുടെ പരാജയം ഏറ്റുവാങ്ങി. നിലവിലെ അണ്ടർ 23 ഏഷ്യൻ ചാമ്പ്യന്മാരായ ഉസ്ബെകിസ്ഥാനു മുന്നിൽ പിടിച്ചു നിൽക്കാൻ തന്നെ ഇന്ത്യക്ക് ആയില്ല. കളിയുടെ 45ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു ഉസ്ബെകിസ്ഥാനന്റെ ആദ്യ ഗോൾ. പിന്നീടങ്ങോട്ട് കളിയുടെ നിയന്ത്രണം അവർ ഏറ്റെടുക്കുകയായിരുന്നു.
കളിയുടെ 78ആം മിനുട്ടിലും 85ആം മിനുട്ടിലും ബോബിർ നേടിയ ഗോളുകൾ ഇന്ത്യയുടെ പരാജയം ഉറപ്പിക്കുകയും ചെയ്തു. ഈ പരാജയം ഇന്ത്യയുടെ അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ഇനി ഒരു മത്സരം മാത്രമാണ് ഇന്ത്യക്ക് ഗ്രൂപ്പിൽ ബാക്കി ഉള്ളത്. അത് താജികിസ്താന്‍ എതിരായാണ്. ഗ്രൂപ്പിൽ ആദ്യ സ്ഥാനക്കാർക്ക് മാത്രമെ യോഗ്യത ഉറപ്പുള്ളൂ. മികച്ച നാലു രണ്ടാൻ സ്ഥാനക്കാരും ഫൈനൽ റൗണ്ടിന് യോഗ്യത നേടുമെങ്കിലും 11 ഗ്രൂപ്പുകൾ ഉള്ളതിനാൽ ഇന്ത്യക്ക് യോഗ്യത കഷ്ടമാകും. മലയാളി താരങ്ങളായ രാഹുൽ കെപിയും സഹൽ അബ്ദുൽ സമദും ഇന്ന് ഇന്ത്യക്കായി ഇറങ്ങിയിരുന്നു.