ലാ ലീഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ ബെറ്റിസിനെ തകർത്തത്. വീണ്ടും ലയണൽ മെസ്സി മാജിക്ക് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് സമ്മാനിച്ചു ഇന്നത്തെ മത്സരം. ഹാട്രിക്കുമായി ലയണൽ മെസ്സി ബാഴ്സയുടെ ജയത്തിന്റെ ചുക്കാൻ പിടിച്ചു. ഒരു ഗോളും അസിസ്റ്റുമായി ലൂയിസ് സുവാരസും ബാഴ്സയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.
ബെറ്റിസിന്റെ ആശ്വാസ ഗോൾ നേടിയത് രണ്ടാം പകുതിയിൽ ലോറെൻ മോറോൻ ആണ്. ഇന്നത്തെ ജയത്തോടു കൂടി പോയന്റ് നിലയിൽ ലീഡ് 10 ആയി ഉയർത്താൻ ബാഴ്സലോണയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം ക്യാമ്പ് നൗവിലേറ്റ പരാജയത്തിന് മധുര പ്രതികാരം കൂടിയായിരുന്നു ബാഴ്സയ്ക്ക് ഇന്നത്തെ ജയം. ലാ ലീഗയിലെ ഏറ്റവും മികച്ച ഡിഫെൻസിവ് ടീമുകളിൽ ഒന്നായ ബെറ്റിസ് മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അന്ന് ബാഴ്സലോണയെ പരാജയപ്പെടുത്തിയത്.
പതിനെട്ടാം മിനുട്ടിൽ ഒരു ഫ്രീ കിക്കിലൂടെയാണ് ലയണൽ മെസ്സി തന്റെ ഗോൾ വേട്ടക്ക് ആരംഭം കുറിച്ചത്. ഹൈ പ്രെസ്സിങ് റയൽ ബെറ്റിസിനെതിരെ ആദ്യ പകുതിയുടെ അവസാനത്തിൽ മെസ്സി രണ്ടാം ഗോളുമടിച്ചു. ലൂയിസ് സുവാരസ് ആയിരുന്നു മെസ്സിയുടെ ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച് തുടങ്ങിയ ബാഴ്സ സുവാരസിലൂടെ ലക്ഷ്യം കണ്ടു.
ബെറ്റിസിന്റെ പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കിയാണ് സുവാരസ് ബാഴ്സയുടെ ലീഡ് ഉയർത്തിയത്. ഏറെ വൈകാതെ ലോറെൻസോ മോറോനിലൂടെ ബെറ്റിസ് ആശ്വാസ ഗോൾ നേടി. മൂന്നു മിനിറ്റുകൾക്കുള്ളിൽ ഗോൾ ഓഫ് ദ് സീസൺ എന്ന് വിശേഷിപ്പിക്കാവുന്ന വണ്ടർ ഗോളിൽ മെസ്സി ഹാട്രിക്ക് പൂർത്തിയാക്കി. ബോക്സിന്റെ എഡ്ജിൽ നിന്നും ചിപ്പ് ചെയ്ത മെസ്സി ബെറ്റിസിന്റെ വല കുലുക്കി.