ഐലീഗ് ആരംഭിച്ച് പന്ത്രണ്ടാം സീസൺ ആണ് ഇത്. ഇന്ന് ചെന്നൈ സിറ്റി കിരീടം ഉയർത്തിയപ്പോൾ ഐ ലീഗ് കിരീടം ഉയർത്തുന്ന എട്ടാമത്തെ ടീമായി ചെന്നൈ സിറ്റി മാറി. 12 സീസണുകൾക്ക് ഇടയിൽ എട്ടു ചാമ്പ്യന്മാർ എന്നത് ലീഗ് എത്രത്തോളം പ്രവചനാതീതമാണെന്ന് വ്യക്തമാക്കുന്നു. അവസാന മൂന്ന് സീസണുകളിൽ തന്നെ ആരും പ്രതീക്ഷിക്കാതിരുന്ന മൂന്നു ക്ലബുകളാണ് കിരീടം നേടിയത്.
ഐസാളും മിനേർവയും കപ്പ് ഉയർത്തിയപ്പോൾ അത്ഭുതം തോന്നി എങ്കിൽ ചെന്നൈ സിറ്റിയിൽ എത്തുമ്പോൾ ഇത് ഐലീഗിൽ സാധാരണയാണല്ലോ എന്ന തോന്നലിൽ എത്തിയിരിക്കുകയാണ്. അടുത്ത സീസൺ ഐ ലീഗ് ഉണ്ടെങ്കിൽ അപ്പോഴും ആര് കിരീടം നേടുമെന്ന പ്രവചിക്കാൻ വരെ ആയേക്കില്ല.
മൂന്ന് തവണ ലീഗ് കിരീടം നേടിയ ഡെമ്പോ എഫ് സിയാണ് ഏറ്റവും കൂടുതൽ ഐലീഗ് കിരീടങ്ങൾ നേടിയ ക്ലബ്. മററ്റൊരു ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സ് രണ്ട് തവണ ഐലീഗ് നേടിയിട്ടുണ്ട്. ബെംഗളൂരു എഫ് സിക്കും രണ്ട് ഐലീഗ് കിരീടങ്ങളാണ് ഉള്ളത്. മോഹൻ ബഗാൻ, സാൽഗോക്കർ, ഐസാൾ, മിനേർവ പഞ്ചാബ് പിന്നെ ഇപ്പോൾ ചെന്നൈ സിറ്റിയും ഒരോ കിരീടവും സ്വന്തമാക്കി.