സുവാരസിന്റെയും കവാനിയുടെയും നാട്ടിൽ നിന്ന് വന്ന് ചെന്നൈയിൽ ഇതിഹാസം രചിച്ച മാൻസി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിനായി ഒരുങ്ങുന്ന ചെന്നൈ സിറ്റി പുതിയ വിദേശതാരത്തെ ഉറുഗ്വേയിൽ നിന്ന് എത്തിച്ചു എന്ന് ആദ്യ വാർത്ത കേട്ടപ്പോൾ സ്ഥിരം ഒരു വർഷം കളിച്ചു പോകുന്ന ഒരു സാധാരണ വിദേശ താരം മാത്രമായിരിക്കും എന്നാണ് പലരും കരുതിയത്. പെഡ്രൊ ഹാവിയർ മാൻസി ക്രൂസ് ചെന്നൈയിൽ എത്തിയിരിക്കുന്നത് അതിനല്ല എന്ന് താരം തുടക്കത്തിൽ തന്നെ പറഞ്ഞു. താൻ ചെന്നൈ സിറ്റിക്ക് കിരീടം നേടിക്കൊടുക്കും എന്ന് മാൻസി പറഞ്ഞപ്പോൾ ആരും കാര്യമായി എടുത്തില്ല.

ഉറുഗ്വേയുടെ ജനിച്ച മാൻസി. കവാനിയും സുവാരസുമൊക്കെ ജനിച്ച നാടിന്റെ പുത്രൻ. ആ പോരാട്ട വീര്യം മാൻസിയിൽ ഉണ്ടായിരു‌ന്നു. 29കാരനായ താരം കാറ്റലോണിയൻ ടീമായ ലെ ഹോസ്പിറ്റലേറ്റിനിൽ നിന്നായിരുന്നു ചെന്നൈയിലേക്ക് എത്തിയത്.

ഇന്ന് ചെന്നൈ സിറ്റി കിരീട ഉയർത്തിയപ്പോൾ ആ കിരീടത്തിന് ചെന്നൈ ഏറ്റവും വലിയ നന്ദി പറയേണ്ടത് ഈ താരത്തിനാകും. 21 ഗോളുകൾ ആണ് മാൻസി ഈ വർഷം ലീഗിൽ അടിച്ചു കൂട്ടിയത്. 21 ഗോളുകൾ. അതും ഒരു മാസത്തോളം പരിക്ക് കാരണം ലീഗിൽ നിന്ന് പുറത്തായിരുന്നിട്ടും. ലീഗിലെ ടോപ് സ്കോററിനുള്ള പുരസ്കാരവും മാൻസിക്ക് തന്നെയാണ്. ഛേത്രി ബെംഗളൂരു എഫ് സിക്ക് വേണ്ടി കളിക്കുമ്പോൾ ലീഗും ടോപ് സ്കോറർ പട്ടവും നേടിയിരുന്നു. അതിനു ശേഷം ആദ്യമായാണ് ടോപ് സ്കോററും ലീഗ് കിരീടവും ഒരുമിച്ച് ഒരാളിലേക്ക് വരുന്നത്.

ഇന്ന് മിനേർവയ്ക്ക് എതിരെ തുടക്കത്തിൽ വഴങ്ങിയ ഗോളിൽ സമ്മർദത്തിലായ ചെന്നൈ സിറ്റി താരങ്ങളെ കളിയിലേക്ക് തിരികെ കൊണ്ടു വന്നതും മാൻസി ആയിരുന്നു. ഒപ്പം നിർണായകമായ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു‌. ഇനി വരുന്ന സീസണുകളും ചെന്നൈ സിറ്റിയിൽ മാൻസി ഉണ്ടാകും. ക്ലബുമായി പുതിയ കരാർ നേരത്തെ തന്നെ മാൻസി ഒപ്പുവെച്ചിരുന്നു.