ഐപിഎല്‍ രണ്ടാം പകുതിയില്‍ കളിച്ചേക്കില്ലെന്ന സൂചനയുമായി ഭുവനേശ്വര്‍ കുമാര്‍

Sports Correspondent

മാര്‍ച്ച് 23നു ആരംഭിക്കുന്ന ഐപിഎല്‍ ആദ്യ ഘട്ടത്തില്‍ മാത്രമേ താന്‍ കളിക്കുവാന്‍ സാധ്യതയുള്ളുവെന്ന സൂചന നല്‍കി ഇന്ത്യയുടെ മുന്‍ നിര പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത്തരത്തിലൊരു വര്‍ക്ക്‍ലോഡ് മാനേജ്മെന്റ് ഉണ്ടാകുമെന്ന സൂചനയാണ് തനിക്ക് ലഭിയ്ക്കുന്നതെന്ന് ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി.

മാര്‍ച്ച് 23നു ആരംഭിക്കുന്ന ഐപിഎല്‍ അവസാനിച്ച ഉടന്‍ തന്നെ മേയ് 30നു ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുമെന്നിരിക്കെ ഇന്ത്യന്‍ താരങ്ങള്‍ക്ക് അത്യാവശ്യം വിശ്രമം ആവശ്യമുണ്ടെന്നതിനാല്‍ ഇത്തരത്തിലൊരു നടപടിയാണ് ഏവര്‍ക്കും നല്ലതെന്നാണ് മാനേജ്മെന്റ് തീരുമാനം. മേയ് 25നു ന്യൂസിലാണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം.

പൊതു തിരഞ്ഞെടുപ്പ് മൂലം ഐപിഎല്‍ ആദ്യ ഘട്ട ഫിക്സ്ച്ചറുകള്‍ മാത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഐപിഎലിലെ യാത്രയും പരിശീലനവും വിവിധ സാഹചര്യങ്ങളും കാലാവസ്ഥയും എല്ലാം അല്പം ശ്രമകരമായ അവസ്ഥയാണുണ്ടാക്കുന്നതെന്ന് ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. അതിനാല്‍ തന്നെ ലോകകപ്പ് പോലെ ഒരു വലിയ ടൂര്‍ണ്ണമെന്റിനു താരങ്ങള്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ കളിച്ചും കളിക്കാതെയും നടത്തേണ്ടതുണ്ടെന്ന് ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.

ഇന്ത്യന്‍ ഏകദിന ടീമില്‍ അവസാന ഇലവനില്‍ സ്ഥിരം സ്ഥാനമൊന്നുമില്ലെങ്കിലും ഐപിഎല്‍ കഴിഞ്ഞുടനെത്തുന്ന ലോകകപ്പില്‍ താന്‍ ഫിറ്റായി ഇരിക്കുക എന്ന് ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് ഭുവനേശര്‍ കുമാര്‍ വ്യക്തമാക്കുകയായിരുന്നു. തനിക്ക് ക്ഷീണം തോന്നുന്നുവെങ്കില്‍ താന്‍ വിശ്രമം എടുക്കുമെന്നും എന്നാല്‍ ഫ്രാഞ്ചൈസികളാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും പക്ഷേ അവര്‍ ഇന്ത്യയുടെ ലോകകപ്പ് താരങ്ങളുടെ പ്രാധാന്യം നല്‍കി അതിനു അവസരം നല്‍കുമെന്നുമാണ് തന്റെ വിശ്വാസമെന്ന് ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.