ഇന്ത്യന്‍ ബൗളര്‍മാരുടെ നിരന്തര സമ്മര്‍ദ്ദത്തില്‍ അടി പതറി ഓസ്ട്രേലിയ. മികച്ച തുടക്കത്തിനു ശേഷം ഇന്ത്യ ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയെങ്കിലും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മാര്‍ക്കസ് സ്റ്റോയിനിസും പൊരുതിയെങ്കിലും കൃത്യതയോടെ പന്തെറിഞ്ഞും വിക്കറ്റ് വീഴ്ത്തിയും ഇന്ത്യ ഒരുക്കിയ സമ്മര്‍ദ്ദത്തില്‍ ഓസ്ട്രേലിയ കുരുങ്ങുകയായിരുന്നു. 251 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ടീമിനു 242 റണ്‍സാണ് നേടാനായത്. 8 റണ്‍സ് ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-0നു മുന്നിലെത്തി.
ഏറെക്കാലത്തിനു ശേഷം ആരോണ്‍ ഫിഞ്ച് ടോപ് ഓര്‍ഡറില്‍ റണ്‍സ് കണ്ടത്തിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ ഓസ്ട്രേലിയ 83 റണ്‍സ് കൂട്ടിചേര്‍ത്തു. ഫിഞ്ച് 37 റണ്‍സ് നേടി പുറത്തായപ്പോള്‍ ഉസ്മാന് ഖവാജയും(38) സ്കോര്‍ ബോര്‍ഡില്‍ അതേ നിലയില്‍ പുറത്താകുകയായിരുന്നു. 83/0 എന്ന നിലയില്‍ നിന്ന് 83/2 എന്ന നിലയിലേക്ക് വീണ് ഓസ്ട്രേലിയ പിന്നീട് 132/4 എന്ന നിലയിലേക്ക് വീണുവെങ്കിലും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്-സ്റ്റോയിനിസ് കൂട്ടുകെട്ട് വീണ്ടും ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷയേകി.
39 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം അര്‍ദ്ധ ശതകത്തിനു 2 റണ്‍സ് അകലെ റണ്ണൗട്ട് രൂപത്തില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് പുറത്തായശേഷം സ്റ്റോയിനിസും അലക്സ് കാറെയുമാണ് രക്ഷാദൗത്യം ഏറ്റെടുത്തത്. 47 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടി ഇരുവരും മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിച്ച നിമിഷത്തിലാണ് കാറെയുടെ വിക്കറ്റുമായി കുല്‍ദീപ് യാദവ് എത്തുന്നത്.
അടുത്ത ഓവറില്‍ നഥാന്‍ കോള്‍ട്ടര്‍നൈലിനെയും പാറ്റ് കമ്മിന്‍സിനെയും ബുംറ പുറത്താക്കിയതോടെ ഓസ്ട്രേലിയയുടെ നില പരുങ്ങലിലായി. അവസാന മൂന്നോവറിലേക്ക് മത്സരം കടക്കുമ്പോള്‍ 21 റണ്‍സായിരുന്നു ഓസ്ട്രേലിയ നേടേണ്ടിയിരുന്നത്. കൈയ്യില്‍ രണ്ട് വിക്കറ്റ് മാത്രമേയുണ്ടായിരുന്നുള്ളുവെങ്കിലും സ്റ്റോയിനിസ് ക്രീസില്‍ നില്‍ക്കുന്നത് ടീമിനു പ്രതീക്ഷയായിരുന്നു. എന്നാല്‍ 48ാം ഓവറില്‍ വെറും ഒരു റണ്‍സ് മാത്രം വിട്ട് നല്കി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് അനുകൂലമായി മത്സരം മാറ്റി. തന്റെ പത്തോവറില്‍ നിന്ന് വെറും 29 റണ്‍സ് മാത്രമാണ് ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റിനായി വിട്ട് നല്‍കിയത്.
മുഹമ്മദ് ഷമി എറിഞ്ഞ 49ാം ഓവറില്‍ തന്റെ അര്‍ദ്ധ ശതകം സ്റ്റോയിനിസ് തികച്ചപ്പോള്‍ അവസാന പന്തില്‍ ബൗണ്ടറി നേടി ലയണും ഒപ്പം കൂടിയപ്പോള്‍ ഓവറില്‍ നിന്ന് പിറന്നത് 9 റണ്‍സ്. അവസാന ഓവറില്‍ ഓസ്ട്രേലിയയ്ക്ക് ജയിക്കുവാന്‍ 11 റണ്‍സും രണ്ട് വിക്കറ്റും. ഓവര്‍ എറിയുവാന്‍ വിജയ് ശങ്കറെയാണ് കോഹ്ലി ദൗത്യമേല്പിച്ചത്.
എറിഞ്ഞ ആദ്യ പന്തില്‍ സ്റ്റോയിനിസ്(52) വിക്കറ്റിനു മുന്നില്‍ കുടുങ്ങിയപ്പോള്‍ താരം റിവ്യൂവിനു ശ്രമിച്ചുവെങ്കിലും താരത്തിനു രക്ഷയില്ലായിരുന്നു. അടുത്ത പന്തില്‍ ആഡം സംപ രണ്ട് റണ്‍സ് നേടിയെങ്കിലും ഓവറിലെ മൂന്നാം പന്തില്‍ തന്റെ രണ്ടാം വിക്കറ്റും നേടി വിജയ് ശങ്കര്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് വിജയം നല്കി.