പന്ത് ഓൺ ഫയര്‍!!! സന്ദീപ് നൽകിയ മികച്ച ബൗളിംഗ് തുടക്കം മുതലാക്കാനാകാതെ ഗുജറാത്ത്, ഡൽഹിയ്ക്ക് 224 റൺസ്

Sports Correspondent

Axarpant
Download the Fanport app now!
Appstore Badge
Google Play Badge 1

മെല്ലെ തുടങ്ങി, ഗിയര്‍ മാറ്റി, ഒടുവിൽ ആളിക്കത്തി ഋഷഭ് പന്ത്. കൂട്ടിന് അക്സര്‍ പട്ടേലും ട്രിസ്റ്റന്‍ സ്റ്റബ്സും കസറിയപ്പോള്‍ ഗുജറാത്തിനെതിരെ 224/4 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടി ഡൽഹി ക്യാപിറ്റൽസ്. ഋഷഭ് പന്ത് 43 പന്തിൽ 88 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സ്റ്റബ്സ് 7 പന്തിൽ 26 റൺസാണ് നേടിയത്.

ജേക്ക് ഫ്രേസര്‍-മക്ഗര്‍ക്ക് പതിവു പോലെ അതിവേഗത്തിൽ സ്കോറിംഗ് തുടങ്ങിയെങ്കിലും 14 പന്തിൽ 23 റൺസ് നേടിയ താരത്തെ സന്ദീപ് വാര്യര്‍ പുറത്താക്കുകയായിരുന്നു. അതേ ഓവറിൽ പൃഥ്വി ഷായെ പുറത്താക്കിയ സന്ദീപ് തന്റെ അടുത്ത ഓവറിൽ ഷായി ഹോപിനെയും പുറത്താക്കി.

Sandeepwarrier

44/3 എന്ന നിലയിലേക്ക് വീണ ഡൽഹിയെ പിന്നീട് മുന്നോട്ട് നയിച്ചത് നാലാം വിക്കറ്റിൽ ഒത്തുചേര്‍ന്ന അക്സര്‍ – ഋഷഭ് പന്ത് കൂട്ടുകെട്ടായിരുന്നു. മെല്ലെ തുടങ്ങിയ ഇരുവരും നിലയുറപ്പിച്ച ശേഷം റൺറേറ്റിന് വേഗം കൂട്ടിയപ്പോള്‍ 12ാം ഓവറിൽ ഡൽഹി നൂറ് കടന്നു. 37 പന്തിൽ നിന്ന് അക്സര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ മോഹിത് ശര്‍മ്മയെ രണ്ട് സിക്സര്‍ പറത്തി ഋഷഭ് പന്ത് തന്റെ അര്‍ദ്ധ ശതകത്തിന് അടുത്തേക്കെത്തി.  16 ഓവര്‍ അവസാനിച്ചപ്പോള്‍ ഡൽഹി 143/3 എന്ന നിലയിലായിരുന്നു.

അടുത്ത ഓവറിൽ നൂര്‍ അഹമ്മദിനെ തുടരെ രണ്ട് സിക്സുകള്‍ പായിച്ച ശേഷം ഹാട്രിക് സിക്സിന് ശ്രമിച്ച അക്സര്‍ പട്ടേൽ 43 പന്തിൽ 66 റൺസ് നേടി പുറത്താകുകയായിരുന്നു. 113 റൺസിന്റെ കൂട്ടുകെട്ടാണ് ഇവര്‍ നേടിയത്.  ഋഷഭ് പന്ത് 34 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. മോഹിത് ശര്‍മ്മയെ സിക്സര്‍ പറത്തിയാണ് ഋഷഭ് പന്ത് തന്റെ ഈ നേട്ടം കൈവരിച്ചത്.

19ാം ഓവറിൽ മത്സരത്തിൽ ആദ്യമായി സായി കിഷോറിനെ ബൗളിംഗ് ദൗത്യം ഏല്പിച്ച ഗില്ലിന്റെ തീരുമാനം പാളുന്നതാണ് പിന്നീട് കണ്ടത്. ഓവറിൽ നിന്ന് 2 ഫോറും 2 സിക്സും ട്രിസ്റ്റന്‍ സ്റ്റബ്സ് നേടിയപ്പോള്‍ ഡൽഹി 22 റൺസ് നേടി തങ്ങളുടെ സ്കോര്‍ 193 റൺസിലെത്തിച്ചു. അവസാന ഓവറിൽ 31 റൺസ് കൂടി വന്നപ്പോള്‍ ഡൽഹി 224/4  എന്ന നിലയിൽ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

പന്ത് അവസാന ഓവറിൽ നാല് സിക്സും ഒരു ഫോറും നേടിയപ്പോള്‍ തന്റെ ഇന്നിംഗ്സിൽ 8 സിക്സുകളാണ് താരം നേടിയത്.