കില്ലർ മില്ലറിന്റെ മനോഹര ഇന്നിങ്സിന്റെയും റഷീദ് ഖാന്റെ വെടിക്കെട്ട് കാമിയോയുടെയും മികവിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി. ഒരു പന്ത് മാത്രം ശേഷിക്കെ ആയിരുന്നു വിജയം.
ഇന്ന് സി എസ് കെ ഉയർത്തിയ 170 റൺ ടാർഗറ്റ് തേടി ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് അത്ര നല്ല തുടക്കമായിരുന്നില്ല. ഒരു റണ്ണിൽ ഇരിക്കെ റൺ ഒന്നും എടുക്കാത്ത ഗില്ലിനെ അവർക്ക് നഷ്ടമായി. രണ്ട് റൺസ് എടുത്ത് നിക്കെ വിജയ് ശങ്കറും ഡക്കിൽ പുറത്തായി. പിന്നീട് ഗുജറാത്ത് 16-3 എന്ന നിലയിലും 48-4 എന്ന നിലയിലും പരുങ്ങി. മില്ലർ ഒരു ഭാഗത്ത് നിന്നു എങ്കിലും ചെയ്സ് ഒരിക്കലും ഗുജറാത്തിന് അനുകൂലമായിരുന്നില്ല.
6 റൺസ് എടുത്ത് തെവാത്തിയ കൂടെ പുറത്താകുമ്പോൾ ഗുജറാത്ത് 12.4 ഓവറിൽ 87-5 എന്ന നിലയിൽ ആയിരുന്നു. പിന്നീട് റാഷിദ് ഖാനും മില്ലറും ചേർന്ന് അനായാസം എന്ന് തോന്നിയ ലക്ഷ്യത്തിലേക്ക് ഗുജറാത്തിനെ അടുപ്പിച്ചു. ജോർദന്റെ ഒരു ഓവറിൽ റാഷിദ് 25 റൺസ് അടിച്ചത് കളി മാറ്റി. റാഷിദ് ഖാൻ 21 പന്തിൽ 40 റൺസ് എടുത്ത് പുറത്താകുമ്പോൾ ഗുജറാത്തിനെ പിന്നെ 7 പന്തിൽ 13 റൺസ് മാത്രമേ വേണ്ടതുള്ളൂ. ഒരു ഭാഗത്ത് മില്ലർ അപ്പോൾ 45 പന്തിൽ 82 റൺസുമായി നിൽക്കുന്നുമുണ്ട്.
19ആം ഓവറിലെ അവസാന പന്തിൽ ബ്രാവോ ജോസഫിനെ പുറത്താക്കിയതോടെ കളി ഒരു ഓവറിൽ 13 എന്ന നിലയിൽ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി.
അവസാന ഓവർ എറിയാൻ ജോർദൻ വീണ്ടും എത്തി. ജോർദാന്റെ ആദ്യ രണ്ട് പന്തും ഡോട്ട് ബോൾ. മൂന്നാം പന്തിൽ മില്ലർ സിക്സടിച്ചു. പിന്നെ 3 പന്തിൽ 7 റൺസ്. അടുത്ത പന്തിൽ മില്ലർ സ്ലിപ്പിൽ ക്യാച്ച് കൊടുത്തു. പക്ഷെ പന്ത് അരയ്ക്ക് മുകളിലായതിനാൽ നോബോളും ഫ്രീഹിറ്റും. 3 പന്തിൽ 6 റൺസ്. അടുത്ത പന്തിൽ ബൗണ്ടറിയും അടുത്ത പന്തിൽ 2ഉം. ഗുജറാത്തിന് വിജയം. 51 പന്തിൽ നിന്ന് 94 റൺസുമായി മില്ലർ പുറത്താകാതെ നിന്നു.
ഇന്ന് തുടക്കത്തിൽ ടോസ് നഷ്ടമായി ബാറ്റ് ചെയ്യാൻ ഇറങ്ങിയ ചെന്നൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. 48 പന്തിൽ 73 റൺസ് നേടിയ ഓപ്പണർ രൂതുരാജ് ഗക്വതിന്റെ മികവ് ആണ് ചെന്നൈക്ക് മികച്ച സ്‌കോർ നൽകിയത്. 5 ഫോറുകളും 5 സിക്സറുകളും താരം ഇന്നിംഗ്‌സിൽ നേടി. റോബിൻ ഉത്തപ്പയെയും മോയിൻ അലിയെയും വേഗം നഷ്ടമായ ചെന്നൈയെ കരകയറ്റിയത് ഗക്വത്, അമ്പാട്ടി റായിഡു കൂട്ടുകെട്ട് ആയിരുന്നു.
റായിഡു 31 പന്തിൽ 46 റൺസ് നേടി ഗക്വതിനു മികച്ച പിന്തുണ ആണ് നൽകിയത്. ഇതിനിടെ റായിഡു ഐ.പി.എല്ലിൽ 4000 റൺസും തികച്ചു. അവസാന ഓവറുകളിൽ 12 പന്തിൽ 22 റൺസ് നേടിയ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും ചെന്നൈക്ക് മികച്ച സ്‌കോർ നേടി നൽകുന്നതിൽ മികച്ച സംഭാവന നൽകി. ശിവൻ ദൂബെ 19 റൺസ് നേടിയപ്പോൾ ഉത്തപ്പ 3 റൺസും മോയിൻ അലി ഒരു റൺസും മാത്രമാണ് നേടിയത്. ഹർദിക് പാണ്ഡ്യയുടെ അഭാവത്തിൽ റാഷിദ് ഖാൻ ആണ് ഗുജറാത്തിനെ മത്സരത്തിൽ നയിക്കുന്നത്. ഗുജറാത്തിനു ആയി അൽസാരി ജോസഫ് 4 ഓവറിൽ 34 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി. 4 ഓവറിൽ 20 റൺസ് മാത്രം നൽകി മുഹമ്മദ് ഷാമി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ യാഷ് ദയാലും ഒരു വിക്കറ്റ് നേടി. അതേസമയം ദൂബെയെ ഡേവിഡ് മില്ലർ റൺ ഔട്ട് ആക്കുക ആയിരുന്നു.