പ്രീമിയർ ലീഗിലെ മോശം ഫോം മറക്കാം, ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഉറപ്പിച്ച് ലിവർപൂൾ

Staff Reporter

പ്രീമിയർ ലീഗിൽ മോശം ഫോമിലാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഉറപ്പിച്ച് ലിവർപൂൾ. ജർമൻ ടീമായ ലെയ്പ്സിഗിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് ലിവർപൂൾ ക്വർട്ടർ ഉറപ്പിച്ചത്. രണ്ട് പാദത്തിലും കൂടി 4-0ന്റെ ജയം സ്വന്തമാക്കിയാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്റെ ക്വർട്ടർ ഉറപ്പിച്ചത്. നേരത്തെ ആദ്യ പാദത്തിലും ലിവർപൂൾ 2-0ന് ജയിച്ചിരുന്നു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ലിവർപൂൾ ആധിപത്യമാണ് കണ്ടതെങ്കിലും ലെയ്പ്സിഗ് ഗോൾ വല കുലുക്കാൻ തുടക്കത്തിൽ ലിവർപൂളിനായില്ല. തുടർന്ന് മത്സരത്തിന്റെ 70മത്തെ മിനുറ്റിൽ ലിവർപൂൾ താരങ്ങളായ ജോട്ട, മാനെ എന്നിവർ തുടങ്ങിവെച്ച മുന്നേറ്റത്തിനൊടുവിൽ സല ലിവർപൂളിന് വേണ്ടി ഗോൾ നേടുകയായിരുന്നു. അധികം താമസിയാതെ തന്നെ ലിവർപൂൾ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ ഒറിഗിയുടെ പാസിൽ നിന്ന് മാനെയാണ് ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്.