ഇന്റർ മിലാൻ താരം ഇവാൻ പെരിസിച്ച് അടുത്ത സീസണിൽ ടോട്ടൻഹാമിന് വേണ്ടി പന്ത് തട്ടും. രണ്ട് വർഷത്തെ കരാറിലാണ് 33കാരനായ പെരിസിച്ച് ടോട്ടൻഹാമിൽ എത്തുന്നത്. ഈ സീസണിന്റെ അവസാനത്തോടെ ഇന്റർ മിലാനിൽ കരാർ അവസാനിച്ച താരം ഫ്രീ ഏജന്റ് ആയിരുന്നു. സീസണിൽ ടോട്ടൻഹാമിന്റെ ആദ്യ സൈനിങ് കൂടിയാണ് പെരിസിച്ച്. താരത്തെ നിലനിർത്താൻ ഇന്റർ മിലാന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും താരം ടോട്ടൻഹാമിന് വേണ്ടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു.
2015ൽ ജർമൻ ക്ലബായ വോൾവ്‌സ്ബർഗിൽ നിന്നാണ് പെരിസിച്ച് ഇന്റർ മിലാനിൽ എത്തുന്നത്. അവർക്ക് വേണ്ടി 254 മത്സരങ്ങൾ കളിച്ച പെരിസിച് 55 ഗോളുകളും 49 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 2020/21 സീസണിൽ ടോട്ടൻഹാം പരിശീലകനായ അന്റോണിയോ കൊണ്ടേക്ക് കീഴിൽ സെരി എ കിരീടവും പെരിസിച് സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയർ ലീഗ് സീസണിന്റെ അവസാനത്തോടെ ടോട്ടൻഹാം മാനേജ്‌മെന്റുമായി കൊണ്ടേ നടത്തിയ ചർച്ചകളെ തുടർന്ന് അടുത്ത സീസണിലും പരിശീലകനായി കൊണ്ടേ ടോട്ടൻഹാമിൽ ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു.