8 റണ്‍സ് എടുക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റ്. അവിടെ നിന്ന് 196 റണ്‍സ് എന്ന സ്കോറിലേക്ക് ഇംഗ്ലണ്ട് എത്തുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഇംഗ്ലണ്ടിനെ നാണക്കേടിന്റെ പടുകുഴിയില്‍ നിന്ന് കരകയറ്റിയത് ക്രിസ് വോക്സും വാലറ്റത്തിന്റെ ചെറുത്ത് നില്പുമാണ്. വോക്സ് 78 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയ മത്സരത്തില്‍ 50 റണ്‍സ് തികയ്ക്കില്ല എന്ന് കരുതിയ ഇംഗ്ലണ്ട് 44.5 ഓവര്‍ വരെ ബാറ്റ് ചെയ്തു എന്നത് തന്നെ അതിശയമാണ്. ഓയിന്‍ മോര്‍ഗന്‍(33) പുറത്താവുമ്പോള്‍ ഇംഗ്ലണ്ട് 61/6 എന്ന നിലയിലായിരുന്നു.
പിന്നീട് മോയിന്‍ അലി(33)-വോക്സ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ സ്കോര്‍ 100 കടത്തി. അലി പുറത്താവുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 112/7 ഏറെ വൈകാതെ റഷീദ് ഖാനും പുറത്തായി. 8 വിക്കറ്റിനു ഇംഗ്ലണ്ട് 120 റണ്‍സ്. പിന്നീട് ഒമ്പതാം വിക്കറ്റില്‍ ടോം കുറനുമായി(35) ചേര്‍ന്ന് 60 റണ്‍സാണ് ഇംഗ്ലണ്ടിനായി വോക്സ് നേടിയത്. 4 ബൗണ്ടറിയും 5 സിക്സും സഹിതം 82 പന്തില്‍ നിന്ന് 78 റണ്‍സാണ് വോക്സ് നേടിയത്.
ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് 4 വിക്കറ്റും ടോപ് ഓര്‍ഡറെ കടപുഴകിയ ഹാസല്‍വുഡ് മൂന്ന് വിക്കറ്റും നേടി. ആന്‍ഡ്രു ടൈ ആണ് വാലറ്റത്തിന്റെ കാര്യത്തില്‍ തീരുമാനമാക്കിയത്. ടൈ മൂന്ന് വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial