170ല്‍ താഴെയുള്ള സ്കോറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പിടിച്ച് കെട്ടിയ ബൗളര്‍മാരുടെ ശ്രമത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റ്സ്മാന്മാര്‍ കൈവിടുകയായിരുന്നുവെന്ന് പറഞ്ഞ് എംഎസ് ധോണി. ബൗളര്‍മാരുടെ പ്രകടനത്തെ വില കല്പിക്കാത്ത ബാറ്റിംഗ് പ്രകടനമായിരുന്നു ബാറ്റ്സ്മാന്മാര്‍ പുറത്തെടുത്തതെന്നും ടീമെന്ന നിലയില്‍ ചെന്നൈയുടെ ബാറ്റിംഗ് നിരയ്ക്ക് ഈ സ്കോര്‍ നേടുവാനുള്ള കഴിവുണ്ടായിരുന്നുവെന്നും മത്സരത്തില്‍ ഒരു ഘട്ടത്തില്‍ അത് വളരെ അധികം സാധ്യമായിരുന്നുവെങ്കിലും മത്സരം ടീം കൈവിട്ടത് അംഗീകരിക്കാനാകാത്ത രീതിയിലാണെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ വ്യക്തമാക്കി.
11 മുതല്‍ 15 ഓവറുകളില്‍ ടീം നേടിയത് വെറും 20 റണ്‍സായിരുന്നു. 10 ഓവര്‍ പിന്നിടുമ്പോള്‍ 90 റണ്‍സ് നേടിയ ചെന്നൈയ്ക്ക് വിജയിക്കുവാന്‍ 88 റണ്‍സായിരുന്നു 9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ അവിടെ നിന്ന് 15 ഓവര്‍ അവസാനിക്കുമ്പോള്‍ 110/3 എന്ന നിലയിലേക്ക് ടീം വീണു.
വാട്സണും റായിഡുവും മടങ്ങിയെങ്കിലും ചെന്നൈയുടെ മറ്റു ബാറ്റ്സ്മാന്മാര്‍ക്ക് ഈ സ്കോര്‍ നേടാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കൊല്‍ക്കത്ത ബൗളര്‍മാര്‍ സൃഷ്ടിച്ചെടുത്ത സമ്മര്‍ദ്ദത്തില്‍ ചെന്നൈ മുങ്ങുകയായിരുന്നു. ഇത്തരം പരാജയങ്ങളെ മറികടക്കുവാന്‍ ഇത്രത്തോളം പരിചയ സമ്പത്തുള്ള ഒരു ടീമിന് സാധിക്കുമെന്നാണ് മുഖ്യ കോച്ച് സ്റ്റീഫന്‍ വ്യക്തമാക്കിയത്.
ഒരു ബാറ്റ്സ്മാന്‍ ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് വീശണമായിരുന്നുവെന്നും എന്നാല്‍ അതിന് സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായതെന്നും ചെന്നൈ കോച്ച് വ്യക്തമാക്കി. സുനില്‍ നരൈനെ അവസാന ഓവറുകളിലേക്ക് കരുതി വെച്ചത് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കിയെന്നും മുന്‍ ന്യൂസിലാണ്ട് താരം വ്യക്തമാക്കി.