ലോക്ക്ഡൗൺ സമയത്ത് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചുമായുള്ള സംഭാഷണമാണ് തന്റെ മികച്ച പ്രകടനത്തിന് പിന്നിലെന്ന് ഓസ്‌ട്രേലിയൻ താരം മാക്‌സ്‌വെൽ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ വെടിക്കെട്ട് സെഞ്ചുറി പ്രകടനത്തിന് പിന്നാലെയാണ് മാക്‌സ്‌വെല്ലിന്റെ പ്രതികരണം.
മത്സരത്തിൽ 90 പന്തിൽ 108 റൺസ് നേടിയ മാക്‌സ്‌വെല്ലിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു. അലക്സ് കാരിയുമൊത്ത് ആറാം വിക്കറ്റിൽ നേടിയ 212 റൺസിന്റെ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയക്ക് അവിശ്വസനീയമായ ജയം നേടി കൊടുത്തത്.
ഓസ്‌ട്രേലിയൻ ടീമിൽ അവസരം ലഭിച്ചപ്പോഴെല്ലാം തനിക്ക് ലഭിച്ച റോളുകൾ താൻ സ്വീകരിച്ചിട്ടുണ്ടെന്നും മാക്‌സ്‌വെൽ പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചുമായി സംസാരിക്കാൻ സമയം ലഭിച്ചെന്നും ടീമിലെ തന്റെ റോളിനെ പറ്റിയും മറ്റു പല കാര്യങ്ങളെ കുറിച്ചും സംസാരിക്കാൻ കഴിഞ്ഞത് ഗുണമായെന്നും മാക്‌സ്‌വെൽ പറഞ്ഞു.
താൻ ഓസ്‌ട്രേലിയൻ ടീമിൽ എന്താണ് ചെയ്യേണ്ടതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്നും ഫിഞ്ചിന്റെ പിന്തുണ മികച്ചതായിരുന്നെന്നും മാക്‌സ്‌വെൽ പറഞ്ഞു. നിലവിലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച്കൊണ്ട് സീസൺ ആരംഭിക്കാനായത് മികച്ച കാര്യാമാണെന്നും താരം കൂട്ടിച്ചേർത്തു.