മെസ്സിയില്ലാതെ അർജന്റീന; ബ്രൈറ്റൺ താരം മാക് അലിസ്റ്റർ ടീമിൽ

ചിലിക്കും കൊളംബിയക്കും എതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങൾക്കുള്ള 31 അംഗ ടീമിനെ അർജന്റീന പ്രഖ്യാപിച്ചു. കോച്ച് ലയണൽ സ്‌കളോണി പ്രഖ്യാപിച്ച ടീമിൽ സൂപ്പർ താരം ലയണൽ മെസ്സിയെ ഉൾപ്പെടുത്തിയിട്ടില്ല. കോവിഡിൽ നിന്നും കഴിഞ്ഞയാഴ്‌ച മുക്തനായ മെസ്സിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. അതേസമയം യുവന്റസ് താരം ഡിബാല ടീമിലേക്ക് തിരിച്ചെത്തി

ബ്രൈറ്റൺ മധ്യനിരയിലെ താരം അലക്സിസ് മാക് അലിസ്റ്ററിനെ ടീമിൽ ഉൾപ്പെടുത്തി. ബ്രൈറ്റണ് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ് താരത്തിന് ദേശീയ ടീമിലേക്ക് വഴി തെളിയിച്ചത്. മെസ്സിക്ക് പുറമെ റൊമേറോ, നിക്കോ ഡൊമിൻഗ്വസ് എന്നിവർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.

 

സീരി എയിൽ നിന്നും ഏഴു താരങ്ങൾക്കാണ് ടീമിൽ ഇടം നൽകിയത്. ഡിബാലക്ക് പുറമെ ലൗതരോ മർട്ടിനെസ്, ലൂക്കാസ് മർട്ടിനെസ്, നിക്കോളാസ് ഗോണ്സാലസ്, ഹുവാൻ മുസ്സോ, മൊലിന, ടുകു കൊറെയ എന്നിവരാണ് ടീമിൽ സീരി എയിൽ നിന്നും ഇടം നേടിയത്.

ഈ മാസം 28ന് ചിലിക്കെതിരെയും ഫെബ്രുവരി 2നു കൊളംബിയക്കെതിരെയും ആണ് അർജന്റീനയുടെ മത്സരങ്ങൾ. അർജന്റീന ഇതിനകം ലോകകപ് യോഗ്യത നേടിയിട്ടുണ്ട്.