ഡബ്യു. ടി. എ ടൂറിൽ റോം ഓപ്പണിൽ ഹാർഡ് കോർട്ടിലെ മികവ് കളിമണ്ണ് കോർട്ടിൽ തുടർന്ന് യു.എസ് ഓപ്പൺ ഫൈനലിസ്റ്റ് ആയ വിക്ടോറിയ അസരങ്ക. മൂന്നാം സീഡ് ആയ അമേരിക്കൻ താരം സോഫിയ കെനിനെ നാണം കെടുത്തിയാണ് അസരങ്ക അവസാന പതിനാറിലേക്ക് മുന്നേറിയത്. രണ്ടു സെറ്റുകളിലും ഒരു പോയിന്റ് പോലും കെനിനു നൽകാതെ 6-0, 6-0 എന്ന സ്കോറിന് ആയിരുന്നു അസരങ്കയുടെ ജയം. അഞ്ചാം സീഡ് കിക്കി ബെർട്ടൻസ്, എട്ടാം സീഡ് പെട്ര മാർട്ടിച്ച് എന്നിവരും ടൂർണമെന്റിൽ നിന്നു പുറത്തായി.
ബെർട്ടൻസ് പോളോണോ ഹെർകോഗിനോട് 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് തോറ്റപ്പോൾ, മാർട്ടിച്ച് യൂലിയ പുറ്റിനെറ്റ്സേവയോട് 3-6, 7-6, 4-6 എന്ന സ്കോറിന് ആണ് തോൽവി വഴങ്ങിയത്. അതേസമയം അനസ്താഷിയയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു നാലാം സീഡ് എലീന സ്വിറ്റോലീനയും അവസാന പതിനാറിൽ എത്തി. 6-3, 7-6 എന്ന സ്കോറിന് ആണ് സ്വിറ്റോലീന ജയം കണ്ടത്. ഇറിന കമേലിയയെ 6-0, 6-4 എന്ന സ്കോറിന് മറികടന്ന ഏഴാം സീഡ് ആയ യോഹാന കോന്റയും ടൂർണമെന്റിൽ മുന്നേറി. യുവ അമേരിക്കൻ താരം കൊക്കോ ഗോഫിന്റെ പോരാട്ടം അജിജീവിച്ച് ആണ് ഒമ്പതാം സീഡ് സ്പാനിഷ് താരം ഗർബിൻ മുഗുരുസ അവസാന പതിനാറിൽ എത്തിയത്. മൂന്നു സെറ്റ് പോരാട്ടത്തിൽ 7-6, 3-6, 6-3 എന്ന സ്കോറിന് ആയിരുന്നു മുഗുരുസയുടെ ജയം.