വലിയ വിവാദങ്ങൾക്ക് ഒടുവിൽ ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു കാണാതായ ചൈനീസ് ടെന്നീസ് താരം പെങ് ശുയ്. മുൻ ചൈനീസ് ഉന്നത ഭരണാധികാരിക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ശേഷം കാണാതെ പോയ താരത്തിന്റെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തി ടെന്നീസ് ലോകം ഒന്നടങ്കം രംഗത്ത് വന്നിരുന്നു. ഒടുവിൽ കടുത്ത അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്ക് ഒടുവിൽ ആണ് താരത്തെ ലോകം പുറത്ത് കണ്ടത്. ബീജിങിൽ നിന്നു വീഡിയോ കോൺഫറൻസ് വഴി ഏതാണ്ട് 30 മിനിറ്റോളം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ആയ തോമസ് ബാകും ആയി സംസാരിച്ച പെങ് താൻ സുരക്ഷയാണ് എന്നു വ്യക്തമാക്കി.
ബീജിങിലെ വീട്ടിൽ കഴിയുന്ന താരം നിലവിൽ സ്വകാര്യത പ്രധാനമായി കാണുന്നു എന്നു പത്രക്കുറിപ്പിൽ പറഞ്ഞ ഒളിമ്പിക് കമ്മിറ്റി താരം നിലവിൽ കുടുംബത്തോട് സമയം ചിലവഴിക്കാൻ ആണ് ഇഷ്ടപ്പെടുന്നത് എന്നും വ്യക്തമാക്കി. സമീപ ഭാവിയിൽ താരം ഏറ്റവും ഇഷ്ടപ്പെട്ട ടെന്നീസ് കളത്തിൽ തിരിച്ചു വരും എന്ന് താരം പറഞ്ഞത് ആയും ഒളിമ്പിക് കമ്മിറ്റി പറഞ്ഞു. 3 ആഴ്ചത്തെ കാണാതാകലിന് ശേഷം ഇന്നാണ് താരത്തെ പുറത്ത് കാണാൻ ആയത്. ബീജിങിൽ താരം ടെന്നീസ് മത്സരം കാണുന്നത് അടക്കമുള്ള ചിത്രങ്ങളും വീഡിയോയും പുറത്ത് വരിക ആയിരുന്നു. അതേസമയം താരം നിലവിൽ സുരക്ഷിത ആണോ എന്ന കാര്യത്തിൽ ഇപ്പോഴും ഒരുപാട് പേർ ആശങ്ക അറിയിക്കുന്നുണ്ട്.