തന്റെ തിരിച്ചു വരവിൽ മിയാമി ഓപ്പൺ ഫൈനലിലേക്ക് മുന്നേറി മുൻ ലോക ഒന്നാം നമ്പർ താരം നയോമി ഒസാക്ക. സീഡ് ചെയ്യാതെ മിയാമിയിൽ എത്തിയ ഒസാക്ക സ്വിസ് താരവും ഒളിമ്പിക് സ്വർണ മെഡൽ ജേതാവും ആയ ബലിന്ത ബെനചിചിനെ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നാണ് തോൽപ്പിച്ചത്. 2021 ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിന് ശേഷം ഇത് ആദ്യമായാണ് ഒസാക്ക ഒരു ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. ഡബ്യു.ടി.എ 1000 ൽ 2020 സിൻസിനാറ്റി ആയിരുന്നു ഒസാക്ക ഫൈനലിൽ എത്തിയ ടൂർണമെന്റ്.
ആദ്യ സെറ്റ് 6-4 നു കൈവിട്ട ശേഷം ശക്തിയായി തിരിച്ചു വരുന്ന ഒസാക്കയെ ആണ് കാണാൻ ആയത്. 6-3 നു രണ്ടാം സെറ്റ് നേടിയ ജപ്പാൻ താരം മൂന്നാം സെറ്റ് 6-4 നു നേടി ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ നാലു തവണ ബ്രൈക്ക് വഴങ്ങിയ ഒസാക്ക അഞ്ചു തവണയാണ് സ്വിസ് താരത്തെ ബ്രൈക്ക് ചെയ്തത്. മത്സരത്തിൽ 18 ഏസുകൾ ആണ് ഒസാക്ക ഉതിർത്തത്. ഈ സീസണിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഏസുകൾ ഉതിർക്കുന്ന താരമായും ഒസാക്ക ഇതോടെ മാറി.