തുടർച്ചയായ പതിനാറാം ജയവുമായി മിയാമി ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ഇഗ, ഫൈനലിൽ ഒസാക്ക എതിരാളി

Wasim Akram

ലോക ഒന്നാം നമ്പറിലെ തന്റെ സ്ഥാനം ആഘോഷമാക്കി പോളണ്ടിന്റെ ഇഗ സ്വിയാറ്റക്. മിയാമിയിൽ രണ്ടാം സീഡ് ആയിരുന്ന ഇഗ പതിനാറാം സീഡ് അമേരിക്കൻ താരം ജെസിക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആണ് ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് 6-2 നു അനായാസം ജയിച്ച ഇഗ രണ്ടാം സെറ്റിൽ 4-2 നു പിന്നിൽ നിന്ന ശേഷം തിരിച്ചു വന്നാണ് 7-5 നു മത്സരത്തിൽ ജയം കണ്ടത്. മത്സരത്തിൽ 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണയാണ് ഇഗ എതിരാളിയെ ബ്രൈക്ക് ചെയ്‌തത്‌.

തുടർച്ചയായ പതിനാറാം ജയം ആണ് ഇഗക്ക് ഇത്. 2016 നു ശേഷം ഇന്ത്യൻ വെൽസ്, മിയാമി ഓപ്പൺ എന്നീ രണ്ടു ഡബ്യു.ടി.എ 1000 ഫൈനലുകളിൽ എത്തുന്ന ആദ്യ വനിത താരമാണ് ഇഗ. 21 വയസ്സ് ആവുന്നതിനു മുമ്പ് ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരവും ആണ് ഇഗ. ഫൈനലിൽ മുൻ ലോക ഒന്നാം നമ്പർ നയോമി ഒസാക്ക ആണ് ഇഗയുടെ എതിരാളി. മുമ്പ് ഒരു പ്രാവശ്യം മാത്രം ആണ് ഇരുവരും പരസ്പരം ഏറ്റുമുട്ടിയത്. അന്ന് 2019 ൽ ടോറോന്റോയിൽ ഒസാക്കക്ക് ആയിരുന്നു ജയം.