വിംബിൾഡൺ ആദ്യ റൗണ്ടിൽ അനായാസ ജയവും ആയി പ്രമുഖ താരങ്ങൾ. തന്റെ അവസാന വിംബിൾഡൺ മത്സരത്തിന് ഇറങ്ങിയ കാൻസർ അതിജീവിച്ചു കളത്തിൽ തിരിച്ചു വന്ന സ്പാനിഷ് താരം കാർല സുവാരസ് നവാരോയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ആഷ് ബാർട്ടി വിംബിൾഡൺ സെന്റർ കോർട്ടിൽ മറികടന്നത്. ആദ്യ സെറ്റിൽ അനായാസം 6-1 നു ജയം നേടിയ ബാർട്ടിക്ക് എതിരെ ബ്രൈക്ക് വഴങ്ങിയ ശേഷം തിരിച്ചു വന്നു രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് എത്തിച്ചു നവാരോ. ടൈബ്രേക്കറിൽ സെറ്റ് നേടിയ നവാരോ മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. എന്നാൽ മൂന്നാം സെറ്റിൽ മികവ് തിരിച്ചു പിടിച്ച ബാർട്ടി സെറ്റ് 6-1 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 13 ഏസുകൾ ഉതിർത്ത ബാർട്ടി 5 ൽ 5 ബ്രൈക്ക് പോയിന്റുകളും മുതലാക്കി.
14 സീഡും നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവും ആയ ബാർബറ ക്രജികോവയും രണ്ടാം റൗണ്ടിൽ എത്തി. ക്ലാര തൗസനെ 6-3, 6-2 എന്ന സ്കോറിന് തകർക്കുക ആയിരുന്നു ബാർബറ. എട്ടാം സീഡ് കരോലിന പ്ലിസ്കോവ തമാരക്ക് എതിരെ പോരാട്ടം നേരിട്ടു. ആദ്യ സെറ്റ് 7-5 നു നേടിയ പ്ലിസ്കോവ 6-4 നു രണ്ടാം സെറ്റ് നേടി രണ്ടാം റൗണ്ട് ഉറപ്പിച്ചു. ബ്രിട്ടീഷ് താരം ഹാറിയറ്റ് ഡാർട്ടിനെ 6-1, 6-3 എന്ന സ്കോറിന് തകർത്ത പതിമൂന്നാം സീഡ് എൽസി മെർട്ടനസും രണ്ടാം റൗണ്ടിൽ എത്തി. അതേസമയം 28 സീഡ് അമേരിക്കയുടെ ആലിസൻ റിസ്ക് ആദ്യ റൗണ്ടിൽ പുറത്തായി. തെരേസ മാർട്ടിൻകോവ ആണ് റിസ്ക്കിനെ 6-2, 4-6, 6-1 എന്ന സ്കോറിന് അട്ടിമറിച്ചത്.