വിംബിൾഡൻ വനിതാ വിഭാഗത്തിൽ സെമി ലൈനപ്പ് പൂർത്തിയായി. 7 തവണ ചാമ്പ്യനും, ഏറ്റവും അധികം ഗ്രാൻഡ്സ്ലാം എന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനോട് അടുക്കുന്ന സെറീന വില്ല്യംസ് സെമിയിൽ കടന്നിട്ടുണ്ട്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു സെറീനയുടെ തിരിച്ച് വരവ്. സ്‌കോർ 3-6, 6-3, 6-4. നിലവിൽ 23 ഗ്രാൻഡ്സ്ലാം വിജയങ്ങളാണ് സെറീനയുടെ പേരിൽ ഉള്ളത്. മറ്റു മത്സരങ്ങളിൽ പഴയ ഫോമിലേക്ക് ഉയർന്ന മുൻ ഒന്നാം നമ്പർ താരം കെർബർ, ജോർജസ്, ഒസ്റ്റാപെങ്കൊ എന്നിവർ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഒസ്റ്റാപെങ്കൊ കെർബറേയും, സെറീന ജോർജസിനെയുമാണ് സെമിയിൽ നേരിടുക. വ്യാഴാഴ്ചയാണ് മത്സരങ്ങൾ.
പൂർത്തിയാകാതിരുന്ന ഏക പുരുഷ പ്രീക്വാർട്ടർ മത്സരത്തിൽ അർജന്റീനയുടെ ഡെൽപോട്രോ ഫ്രാൻസിന്റെ സിമോണിനെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു. ഡബിൾസ് വിഭാഗത്തിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ശരൺ സിടാക് സഖ്യം ക്വാർട്ടർ ഫൈനലിൽ വീണു. കഴിഞ്ഞ മത്സരത്തേത് പോലെ ആദ്യ രണ്ട് സെറ്റുകൾ അടിയറ വച്ച് മൂന്നാം സെറ്റ് സ്വന്തമാക്കി തിരിച്ചു വരുമെന്ന് തോന്നിപ്പിച്ചെങ്കിലും നാലാം സെറ്റിൽ പിഴച്ചതോടെ ഇന്തോ-ഓസ്‌ട്രേലിയൻ ജോഡി പുറത്തായി. ഇന്ന് നടക്കുന്ന പുരുഷ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ റോജർ ഫെഡറർ ആൻഡേഴ്‌സണെയും, നദാൽ ഡെൽപോട്രോയെയും, ജോക്കോവിച്ച് നിഷിക്കോരിയെയും, റയോനിച്ച് ഇസ്‌നറെയും നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial