കരിയറിൽ പതിനെട്ടാം തവണ ഫെഡറർ വിംബിൾഡൺ അവസാന പതിനാറിൽ

Img 20210703 Wa0394

വിംബിൾഡൺ അവസാന പതിനാറിലേക്ക് മുന്നേറി റോജർ ഫെഡറർ. 40 വയസ്സിനു വെറും ഒരു മാസം അകലെ വിംബിൾഡൺ സെന്റർ കോർട്ടിൽ തന്റെ മികവ് ഒരിക്കൽ കൂടി ലോകത്തെ കാണിച്ചു റോജർ ഫെഡറർ. മുപ്പത്തിനാലാം റാങ്കുകാരനായ ബ്രിട്ടീഷ് താരം കാമറൂൺ നോരിക്ക് എതിരെ നാലു സെറ്റ് പോരാട്ടം ജയിച്ചതോടെ തന്റെ കരിയറിലെ 1250 മത്തെ ജയം ആണ് ഫെഡറർ ഇന്ന് കുറിച്ചത്. കൂടാതെ റെക്കോർഡ് പതിനെട്ടാം തവണയും ഫെഡറർ വിംബിൾഡൺ നാലാം റൗണ്ടിലേക്ക് മുന്നേറി. സെന്റർ കോർട്ടിൽ ആദ്യമായി റോജർ ഫെഡററെ നേരിടാൻ ഇറങ്ങിയ നോരിക്ക് ആദ്യ ഘട്ടത്തിൽ ചെറിയ ആശങ്ക ഉണ്ടായിരുന്നു. ആദ്യ സർവീസ് ഗെയിമിൽ തന്നെ 3 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് ബ്രിട്ടീഷ് താരം വരുത്തിയത്. സെറ്റിൽ നിർണായക ബ്രൈക്ക് തുടർന്ന് കണ്ടത്തിയ ഫെഡറർ സെറ്റ് 6-4 നു നേടി സെറ്റ് കയ്യിലാക്കി. രണ്ടാം സെറ്റിലും സമാനമായ പ്രകടനം ആവർത്തിച്ച ഫെഡറർ സെറ്റ് 6-4 നു കയ്യിലാക്കി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി.

അനായാസ ജയം പ്രതീക്ഷിച്ച ഫെഡറർക്ക് മൂന്നും നാലും സെറ്റുകളിൽ വലിയ പോരാട്ടം ആണ് നോരി നൽകിയത്. മൂന്നാം സെറ്റിൽ ബ്രൈക്ക് പോയിന്റുകൾ രക്ഷപ്പെടുത്തിയ നോരി ഫെഡററെ മത്സരത്തിൽ ആദ്യമായി ബ്രൈക്ക് ചെയ്തു മൂന്നാം സെറ്റ് 7-5 നു കയ്യിലാക്കി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റിൽ തുടക്കത്തിൽ ബ്രൈക്ക് കണ്ടത്തിയ ഫെഡറർക്ക് തൊട്ടടുത്ത സർവീസ് ബ്രൈക്ക് ചെയ്തു നോരി മറുപടി പറഞ്ഞു. എന്നാൽ ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തിയ ഫെഡറർ 6-4 നു സെറ്റ് നേടി മത്സരം സ്വന്തമാക്കി നോരിയുടെ പോരാട്ട വീര്യം അതിജീവിച്ചു വിംബിൾഡൺ രണ്ടാം ആഴ്ചയിലേക്ക് ഒരിക്കൽ കൂടി മുന്നേറി. നാലാം റൗണ്ടിൽ 23 സീഡ് ലോറൻസോ സോനെഗ ആണ് ഫെഡററിന്റെ എതിരാളി. ഓസ്‌ട്രേലിയൻ താരം ജെയിംസ് ഡക്ക്വർത്തിനെ 6-3, 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് തകർത്താണ് ഇറ്റാലിയൻ താരം നാലാം റൗണ്ടിൽ എത്തിയത്. ഓരോ മത്സരത്തിലും മികച്ച രീതിയിൽ മത്സരത്തിൽ പുരോഗതി കൈവരിക്കുന്ന ആറാം സീഡ് ആയ ഫെഡറർ നാലാം റൗണ്ടിലും ജയം ആവർത്തിക്കാൻ ആവും ശ്രമിക്കുക.