വിംബിൾഡൺ രണ്ടാം ദിവസം കോവിഡ് ഭീഷണിയിൽ

ഒന്നാം റൗണ്ട് കളികൾ കാര്യമായ അട്ടിമറികൾ ഇല്ലാതെ തുടർന്ന രണ്ടാം ദിനത്തിൽ, കോവിഡിന്റെ കരിനിഴൽ കോർട്ടുകളിൽ പടർന്നു. മെൻസ് സീഡഡ് കളിക്കാരനായ ബെറേറ്റിനിയും ചിലിച്ചും കോവിഡ് പോസിറ്റീവായ കാരണത്താൽ ടൂർണമെന്റിൽ നിന്നും പിൻവാങ്ങി. തീർത്തും കോവിഡ് മുക്തമായി എന്ന് പറയാൻ കഴിയാത്ത ഈ സമയത്ത്, ടൂർണമെന്റ് അധികൃതർ കുറഞ്ഞ പക്ഷം കളിക്കാരും കാണികളുമായുള്ള ഇടപെടൽ ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്. പക്ഷെ കാണികളെ സന്തോഷിപ്പിക്കാൻ, വിജയികളെ കൊണ്ട് ഓട്ടോഗ്രാഫ് കൊടുപ്പിക്കുന്ന ചടങ്ങ് വിംബിൾഡൺ തുടരുന്നുണ്ട്.

മെൻസ് സിംഗിൾസിൽ നദാലിന്റെ കളിയാണ് എല്ലാവരും ഉറ്റുനോക്കിയത്. അർജന്റീനക്കാരൻ സെറുണ്ടോലോ കാര്യമായ എതിർപ്പ് ഉയർത്തില്ല എന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. പക്ഷെ നദാലിന്റെ പരിക്കിൻെറ സ്ഥിതി അറിയാനുള്ള താൽപ്പര്യമാണ് കാണികൾക്ക്. ആദ്യ രണ്ട് സെറ്റ് അനായാസം നേടിയ നദാൽ മൂന്നാമത്തെ സെറ്റിൽ പതറി. നാലാം സെറ്റിൽ തിരിച്ചു വന്നു കളി ജയിച്ചു. പരിക്കിന്റ്റെ ഒരു അടയാളവും നദാൽ പ്രകടിപ്പിച്ചില്ലെങ്കിലും, മൂന്നാമത്തെ സെറ്റിൽ ഒന്ന് കാൽവഴുതി വീണത് കാണികളുടെ ചങ്കിടിപ്പ് കൂട്ടി.

ഇന്നലെ ആദ്യ റൗണ്ട് കളിച്ച സെറീന ഫ്രഞ്ച് കളിക്കാരി ടാണിനോട് പൊരുതിത്തോറ്റു. രണ്ടാമത്തെ സെറ്റിൽ ആധിപത്യം സ്ഥാപിച്ചത് ഒഴിച്ചാൽ സെറീനയുടെ തനത് കളി കണ്ടില്ല. മൂന്നോ നാലോ ഗെയിംസ് പിടിക്കാം എന്ന പ്രതീക്ഷയുമായി വന്ന ടാണിന് സന്തോഷം മറച്ചു വയ്ക്കാൻ സാധിക്കുന്നുണ്ടായില്ല.

ആണുങ്ങളുടെ സിംഗിൾസിൽ അവസാന നാലിൽ പ്രതീക്ഷിച്ച കാനേഡിയൻ താരം, ആറാം നമ്പർ സീഡ് ഫെലിക്സ് ഔഗേൻ അലിയാസിമേ, അമേരിക്കൻ യുവ താരം ക്രസിയോട് ഏറ്റുമുട്ടി പുറത്തായതാണ് ഒരു അട്ടിമറിയായി പറയാവുന്നത്. ആദ്യ സെറ്റ് നേടിയ ഫെലിക്സിനെ, അടുത്ത മൂന്നു സെറ്റും ശക്തമായ കളി പുറത്തെടുത്തു ക്രസി തിരിച്ചടിച്ചു.

പതിനെട്ടാം റാങ്ക് സീഡുള്ള ഡിമിട്രോവ് തന്റെ ഒന്നാം റൗണ്ട് കളി പരിക്ക് മൂലം ഇടയ്ക്കു വച്ച് നിറുത്തി പുറത്തായതും, ഒസ്‌ട്രേലിയൻ കിറിഗിയോസിന്റെ സ്ഥിരം കോർട്ടിലെ വഴക്കുകളും ഒഴിവാക്കിയാൽ മറ്റൊന്നും കാര്യമായി സംഭവിച്ചില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ കളി കണ്ടിട്ട് മുൻനിര കളിക്കാർക്ക് ഇത്തവണയും കാര്യമായ വെല്ലുവിളി ഉണ്ടാകും എന്ന് കരുതുന്നില്ല.