നാട്ടുകാരിയെ വീഴ്‌ത്തി ബാർട്ടി! വീണ്ടുമൊരു കിരീടത്തിനു കെർബർ! സെമിയിൽ തീപാറും പോരാട്ടം.

20210705 220719

വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡ് ആഷ്‌ലി ബാർട്ടി. നാട്ടുകാരിയായ അജല ടോംജനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ ഓസ്‌ട്രേലിയൻ താരം തന്റെ ആദ്യ വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറിയത്. കരിയറിലെ മൂന്നാമത്തെ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ കൂടിയാണ് ലോക ഒന്നാം നമ്പർ ആയ ബാർട്ടിക്ക് ഇത്. ആദ്യ സെറ്റ് 6-1 നു വലിയ ബുദ്ധിമുട്ട് ഒന്നുമില്ലാതെ നേടിയ ബാർട്ടി രണ്ടാം സെറ്റ് 6-3 നു നേടി സെമിഫൈനലിലേക്ക് മാർച്ച് ചെയ്തു. മത്സരത്തിൽ 5 ഏസുകൾ അടിച്ച ബാർട്ടി രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണയാണ് തനിക്ക് നന്നായി അറിയാവുന്ന എതിരാളിയെ ബ്രൈക്ക് ചെയ്തത്. സെമിയിൽ ഇത് വരെ നേരിട്ടതിൽ ഏറ്റവും വലിയ പരീക്ഷണം ആവും ബാർട്ടി കെർബറിൽ നിന്നു നേരിടുക എന്നുറപ്പാണ്.

19 സീഡ് ചെക് താരം കരോലിന മുച്ചോവയെ ആണ് മുൻ ജേതാവ് ആയ 25 സീഡ് ജർമ്മൻ താരം ആഞ്ചലി കെർബർ ക്വാർട്ടറിൽ തകർത്തത്. 6-2 നു ആദ്യ സെറ്റ് ജയിച്ച കെർബർ രണ്ടാം സെറ്റ് 6-3 നും ജയിച്ചു. 8 തവണ ബ്രൈക്ക് പോയിന്റുകൾ വഴങ്ങിയ കെർബർ ഒരു തവണ മാത്രം ആണ് ബ്രൈക്ക് വഴങ്ങിയത്. അതേസമയം ലഭിച്ച 6 അവസരങ്ങളിൽ 4 തവണയും എതിരാളിയെ ബ്രൈക്ക് ചെയ്തു. 2012, 2016,2018 വർഷങ്ങളിൽ വർഷങ്ങളിൽ വിംബിൾഡൺ സെമിയിൽ എത്തിയ കെർബറിന്റെ നാലാം സെമിഫൈനൽ ആണ് ഇത്. മുമ്പ് 2 പ്രാവശ്യവും ഫൈനൽ കളിച്ച കെർബർ 2018 ൽ വിംബിൾഡൺ കിരീടം ഉയർത്തുകയും ചെയ്തു. ഇത് വരെ ടൂർണമെന്റിൽ ഒരു സെറ്റ് മാത്രം കൈവിട്ട ജർമ്മൻ താരം പുൽ മൈതാനത്ത് തന്റെ 80 ജയം ആണ് കുറിച്ചത്. തുടർച്ചയായ പത്താം ജയവുമായി കെർബറും ഉജ്ജ്വല ഫോമിലുള്ള ബാർട്ടിയും സെമിയിൽ പരസ്പരം വരുമ്പോൾ സെന്റർ കോർട്ടിൽ കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഇത് വരെ ഏറ്റുമുട്ടിയ നാലു മത്സരങ്ങളിൽ ഇരു താരങ്ങളും 2 വീതം മത്സരങ്ങളിൽ ജയം കണ്ടിട്ടുണ്ട്.

Previous articleഅറബ് സ്വപ്നങ്ങൾ സബലങ്കക്ക് മുന്നിൽ വീണു, വിംബിൾഡണിൽ സബലങ്ക – പ്ലിസ്‌കോവ സെമിഫൈനൽ
Next articleഹകീമിയുടെ ട്രാൻസ്ഫർ ഔദ്യോഗികമായി, ഇനി പി എസ് ജി ജേഴ്സിയിൽ