ഈ വർഷത്തെ വിംബിൾഡൺ കളിക്കാൻ റാഫേൽ നദാൽ ഉണ്ടാവില്ല. നിലവിൽ ശാരീരിക ക്ഷമത നിലനിർത്താൻ ബുദ്ധിമുട്ടുന്ന 2 തവണ വിംബിൾഡൺ ജേതാവ് ആയ റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിന് ശേഷം കളത്തിൽ നിന്നു വിശ്രമം എടുക്കും. വിംബിൾഡണിനു ശേഷം ഈ വർഷം കളത്തിലേക്ക് നദാൽ തിരിച്ചു വരുമോ എന്ന കാര്യവും സംശയത്തിൽ ആണ്. കഴിഞ്ഞ വർഷം കോവിഡ് കാരണം നടക്കാതിരുന്ന വിംബിൾഡണിനു നദാലിന്റെ അഭാവം ക്ഷീണം ആവും.
നിലവിൽ റെക്കോർഡ് ജേതാവ് റോജർ ഫെഡറർ, ലോക ഒന്നാം നമ്പർ ആവേണ്ട ഡാനിൽ മെദ്വദേവ് എന്നിവർ വിംബിൾഡണിൽ ഉണ്ടാവില്ല എന്നുറപ്പാണ്. ഫെഡറർ ശാരീരിക ക്ഷമത നേടിയിട്ടില്ല എന്നത് വിഷയം ആവുമ്പോൾ റഷ്യൻ താരങ്ങളുടെ വിലക്ക് ആണ് മെദ്വദേവിനു തിരിച്ചടി ആവുക. അതേസമയം ഫ്രഞ്ച് ഓപ്പൺ സെമിയിൽ ഇന്ന് പരിക്കേറ്റ നിയുക്ത ലോക രണ്ടാം നമ്പർ അലക്‌സാണ്ടർ സാഷ സെരവും വിംബിൾഡണിൽ ഉണ്ടാവുമോ എന്നു സംശയം ആണ്. വനിത വിഭാഗത്തിൽ നയോമി ഒസാക്കയുടെ പിൻമാറ്റവും ഇതോടൊപ്പം തന്നെ വിംബിൾഡണിനെ നിറം കെടുത്തുക കാര്യം ആണ്.