അമാന്ത അനിസിമോവ വിംബിൾഡൺ സെമിഫൈനലിൽ

2019 ൽ 19 കാരിയായി ഫ്രഞ്ച് ഓപ്പൺ സെമിയിൽ എത്തിയ ശേഷം വീണ്ടുമൊരു ഗ്രാന്റ് സ്ലാം സെമിഫൈനലിലേക്ക് മുന്നേറി അമേരിക്കയുടെ 13 സീഡ് അമാന്ത അനിസിമോവ. റഷ്യൻ താരം അനസ്ത്യാഷ്യയെ 6-1, 7-6 എന്ന സ്കോറിന് ആണ് അമേരിക്കൻ താരം മറികടന്നത്. രണ്ടാം സെറ്റ് ടൈബ്രേക്കറിൽ കടുത്ത പോരാട്ടം നടന്നെങ്കിലും അനിസിമോവ അത് അതിജീവിക്കുക ആയിരുന്നു.

17 മത്തെ വയസ്സിൽ ഗ്രാന്റ് സ്ലാം സെമിഫൈനലിൽ എത്തിയ ശേഷം പരിക്കുകൾ വേട്ടയാടിയ കരിയർ ആയിരുന്നു അനിസിമോവയുടേത്. 2023 ൽ മാനസിക സമ്മർദ്ദം കാരണം ടെന്നീസിൽ നിന്നു ഇടവേള എടുത്ത താരം മാസങ്ങളോളം ടെന്നീസ് റാക്കറ്റ് കൈ കൊണ്ട് തൊട്ടില്ല. തുടർന്ന് അച്ഛന്റെ വിയോഗവും താരത്തെ തളർത്തി. എന്നാൽ അതിൽ നിന്നുള്ള തിരിച്ചു വരവ് ആയി താരത്തിന് ഇത്. സെമിയിൽ ലോക ഒന്നാം നമ്പർ ആര്യാന സബലെങ്കയാണ് അനിസിമോവയുടെ എതിരാളി.

തകർപ്പൻ പോരിന് ഒടുവിൽ സബലെങ്ക വിംബിൾഡൺ സെമിഫൈനലിൽ


വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ ജർമ്മനിയുടെ ലോറ സീഗ്മണ്ടിനെ ഒരു സെറ്റിന് പിന്നിൽ നിന്ന് തിരിച്ചടിച്ച് തോൽപ്പിച്ച് ഒന്നാം സീഡായ ആര്യന സബലെങ്ക സെമിഫൈനലിൽ പ്രവേശിച്ചു. സെന്റർ കോർട്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ സ്കോർ 4-6, 6-2, 6-4 ആയിരുന്നു.


മത്സരത്തിന്റെ തുടക്കത്തിൽ സബലെങ്കയ്ക്ക് താളം കണ്ടെത്താനായില്ല. സീഗ്മണ്ട് ആക്രമണോത്സുകമായ റിട്ടേണുകളിലൂടെയും വൈവിധ്യമാർന്ന ഡ്രോപ്പ് ഷോട്ടുകളിലൂടെയും ആദ്യ സെറ്റ് 6-4 ന് സ്വന്തമാക്കി. എന്നാൽ പതിവ് ശൈലിയിൽ തിരിച്ചെത്തിയ ബെലാറഷ്യൻ താരം, വിന്നറുകളുടെ പ്രവാഹവും മെച്ചപ്പെട്ട സെർവുകളുമായി അടുത്ത രണ്ട് സെറ്റുകൾ നേടി.


സീഗ്മണ്ട് മികച്ച പോരാട്ടം കാഴ്ചവെക്കുകയും നെറ്റ് പ്ലേയിലും ആംഗിളുകളിലും ചില സമയങ്ങളിൽ തിളങ്ങുകയും ചെയ്തു. എന്നാൽ അഞ്ച് ഡബിൾ ഫോൾട്ടുകളും കുറഞ്ഞ ഫസ്റ്റ് സെർവ് വിൻ ശതമാനവും (55%) സബലെങ്കയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനും നിയന്ത്രണം ഏറ്റെടുക്കാനും അവസരം നൽകി.


കരിയറിലെ ആദ്യ വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി ടെയ്‌ലർ ഫ്രിറ്റ്സ്

കരിയറിലെ ആദ്യ വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി അമേരിക്കയുടെ അഞ്ചാം സീഡ് ടെയ്‌ലർ ഫ്രിറ്റ്സ്. റഷ്യൻ താരവും 17 സീഡും ആയ കാരൻ ഖാചനോവിനെ നാലു സെറ്റ് പോരാട്ടത്തിൽ മറികടന്നു ആണ് ഫ്രിറ്റ്സ് വിംബിൾഡൺ അവസാന നാലിൽ എത്തിയത്. കരിയറിലെ രണ്ടാം ഗ്രാന്റ് സ്ലാം സെമിഫൈനൽ ആണ് നിലവിൽ നാലാം റാങ്കുകാരനായ അമേരിക്കൻ താരത്തിന് ഇത്.

ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-4 നും നേടിയ ഫ്രിറ്റ്സ് ഇടക്ക് വൈദ്യസഹായം തേടിയെങ്കിലും മത്സരത്തിലെ മുൻതൂക്കം കൈവിട്ടില്ല. മൂന്നാം സെറ്റ് 6-1 നു കൈവിടേണ്ടി വന്നെങ്കിലും നിർണായകമായ നാലാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ഫ്രിറ്റ്സ് മത്സരം സ്വന്തമാക്കി വിംബിൾഡൺ സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു. നിലവിൽ കളിക്കുന്നവരിൽ വിംബിൾഡൺ സെമിയിൽ എത്തുന്ന ഏക അമേരിക്കൻ താരമായി ഇതോടെ ഫ്രിറ്റ്സ്.

2 സെറ്റ് മുന്നിൽ നിൽക്കുമ്പോൾ പരിക്കേറ്റ് പിന്മാറി ദിമിത്രോവ്, രക്ഷപ്പെട്ടു സിന്നർ

വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ യാനിക് സിന്നർ. പ്രീ ക്വാർട്ടർ മത്സരത്തിൽ എതിരാളിയായ 19 സീഡ് ബൾഗേറിയൻ താരം ഗ്രിഗോർ ദിമിത്രോവ് പരിക്കേറ്റ് പിന്മാറിയതോടെയാണ് സിന്നർ അവസാന എട്ടിൽ എത്തിയത്. മത്സരത്തിൽ അതിസുന്ദരമായി കളിച്ച ദിമിത്രോവ് അക്ഷരാർത്ഥത്തിൽ സിന്നറിനെ ഞെട്ടിച്ചു. ടൂർണമെന്റിൽ ഇത് വരെ ഒരു സെറ്റ് പോലും വഴങ്ങാത്ത സിന്നർ ദിമിത്രോവിനു മുന്നിൽ വിയർത്തു.

ആദ്യ സെറ്റിൽ നിർണായക ബ്രേക്ക് കണ്ടെത്തി സെറ്റ് 6-3 നു നേടിയ ദിമിത്രോവ് രണ്ടാം സെറ്റിലും തുടക്കത്തിൽ ബ്രേക്ക് കണ്ടെത്തി. സിന്നർ തിരിച്ചു ബ്രേക്ക് ചെയ്‌തെങ്കിലും വീണ്ടും സിന്നറിന്റെ സർവീസ് ഭേദിച്ച ദിമിത്രോവ് സെറ്റ് 7-5 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ 2-2 എന്ന സ്കോറിന് നിൽക്കുമ്പോൾ ഒരു വോളി അടിക്കാനുള്ള ശ്രമത്തിൽ വലത് നെഞ്ചിന്റെ ഭാഗത്ത് വേദന അനുഭവപ്പെട്ട ദിമിത്രോവ് കളത്തിൽ വീഴുക ആയിരുന്നു. തുടർന്നു വൈദ്യപരിശോധനക്ക് ശേഷം കളിക്കാൻ ആവില്ലെന്ന് കണ്ടു ദിമിത്രോവ് മത്സരത്തിൽ നിന്നു പിന്മാറുക ആയിരുന്നു. കഴിഞ്ഞ 5 ഗ്രാന്റ് സ്ലാമുകളിലും പരിക്കേറ്റ് പിന്മാറാൻ ആയിരുന്നു ദിമിത്രോവിന്റെ വിധി. ഇരു താരങ്ങളും കെട്ടിപിടിച്ച ശേഷമാണ് കളം വിട്ടത്. ക്വാർട്ടർ ഫൈനലിൽ ബെൻ ഷെൽട്ടൻ ആണ് സിന്നറിന്റെ എതിരാളി.

ഇഗ സ്വിറ്റെക് വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ

വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി എട്ടാം സീഡ് പോളണ്ട് താരം ഇഗ സ്വിറ്റെക്. 23 സീഡ് ഡാനിഷ് താരം ക്ലാര ടൗസനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഇഗ വിംബിൾഡൺ അവസാന എട്ടിലേക്ക് മുന്നേറിയത്. 6-4, 6-1 എന്ന സ്കോറിന് ആയിരുന്നു ഇഗയുടെ ജയം.

കരിയറിലെ പന്ത്രണ്ടാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് ഇഗക്ക് ഇത്. മരിയ ഷറപ്പോവക്ക് ശേഷം 12 ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനലുകളിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതോടെ ഇഗ മാറി. ക്വാർട്ടർ ഫൈനലിൽ റഷ്യൻ താരം സാംസനോവയെ ആണ് ഇഗ നേരിടുക. ജയിച്ചാൽ കരിയറിലെ ആദ്യ വിംബിൾഡൺ സെമിഫൈനലിലേക്ക് ഇഗ മുന്നേറും.

18 കാരിയായ മിറ ആൻഡ്രീവ വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ

18 കാരിയായ റഷ്യൻ താരവും ഏഴാം സീഡും ആയ മിറ ആൻഡ്രീവ വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ. പത്താം സീഡ് ആയ അമേരിക്കൻ താരം എമ്മ നവാരോയെ 6-2, 6-3 എന്ന സ്കോറിന് തകർത്തു ആണ് മിറ വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. കരിയറിലെ മൂന്നാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് താരത്തിന് ഇത്. 18 സീഡ് അലക്‌സാൻഡ്രോവയെ തോൽപ്പിച്ച സ്വിസ് താരം ബെലിന്ത ബെൻചിച് ആണ് മിറയുടെ ക്വാർട്ടർ ഫൈനൽ എതിരാളി.

റഷ്യൻ എതിരാളിയെ 7-6, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്വിസ് താരം മറികടന്നത്. സീഡ് ചെയ്യാത്ത സ്പാനിഷ് താരം ജെസിക്കയെ 7-5, 7-5 എന്ന സ്കോറിന് മറികടന്നു 19 സീഡ് റഷ്യയുടെ സാംസനോവയും വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തി. അവസാന എട്ടിൽ ഇഗ സ്വിഗെറ്റ്, ക്ലാര ടൗസൻ മത്സരവിജയിയെ ആണ് റഷ്യൻ താരം നേരിടുക.

സിലിച്ചിനെ വീഴ്ത്തി കൊബോളിയും സൊനെഗോയെ തോൽപ്പിച്ചു ബെൻ ഷെൽട്ടനും വിംബിൾഡൺ ക്വാർട്ടറിൽ

മുൻ വിംബിൾഡൺ ഫൈനലിസ്റ്റ് ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ വീഴ്ത്തി ഇറ്റാലിയൻ യുവതാരം ഫ്ലാവിയോ കൊബോളി വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ. 22 സീഡ് ആയ 23 കാരനായ താരത്തിന്റെ ആദ്യ ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് ഇത്. 2 ടൈബ്രേക്കർ കണ്ട മത്സരം നാലു സെറ്റ് നീണ്ടു. ആദ്യ 2 സെറ്റുകളും 6-4, 6-4 എന്ന സ്കോറിന് നേടിയ ഇറ്റാലിയൻ താരത്തിന് എതിരെ മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ സിലിച് മത്സരം നാലാം സെറ്റിലേക്ക് നീട്ടി. എന്നാൽ നാലാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ഇറ്റാലിയൻ താരം വിംബിൾഡൺ അവസാന എട്ടിൽ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു.

ക്വാർട്ടർ ഫൈനലിൽ നൊവാക് ജ്യോക്കോവിച് ആണ് ഇറ്റാലിയൻ താരത്തിന്റെ എതിരാളി. അതേസമയം ഇറ്റാലിയൻ താരം ലോറൻസോ സൊനെഗോയെ വീഴ്ത്തി പത്താം സീഡ് അമേരിക്കൻ യുവതാരം ബെൻ ഷെൽട്ടൻ വിംബിൾഡൺ അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചു. ആദ്യ സെറ്റ് 6-3 നു കൈവിട്ട ശേഷം 6-1, 7-6, 7-5 എന്ന സ്കോറിന് തുടർന്നുള്ള മൂന്നു സെറ്റുകൾ നേടിയാണ് ബെൻ ഷെൽട്ടൻ മത്സരം സ്വന്തമാക്കിയത്. കരിയറിലെ നാലാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനലും വിംബിൾഡണിലെ ആദ്യ ക്വാർട്ടർ ഫൈനലും ആണ് 22 കാരനായ താരത്തിന് ഇത്.

നോവാക് ജോക്കോവിച്ച് 16-ാം തവണയും വിമ്പിൾഡൺ ക്വാർട്ടർ ഫൈനലിൽ


നോവാക് ജോക്കോവിച്ച്. ഓസ്‌ട്രേലിയയുടെ അലക്സ് ഡി മിനോറിനെ 1-6, 6-4, 6-4, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി 16-ാം തവണയും വിമ്പിൾഡൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മികച്ച തുടക്കമിട്ട ഡി മിനോർ ആദ്യ സെറ്റിൽ ആധിപത്യം സ്ഥാപിക്കുകയും രണ്ടാം സെറ്റിൽ 5-1ന് മുന്നിലെത്തുകയും ചെയ്തിരുന്നു. എന്നാൽ, മുൻപ് പലതവണ കണ്ടിട്ടുള്ളത് പോലെ, ജോക്കോവിച്ച് തന്റെ തനതായ പോരാട്ടവീര്യവും കൃത്യതയും കൊണ്ട് മത്സരത്തെ മാറ്റിമറിച്ചു.

രണ്ടാം സെറ്റ് സ്വന്തമാക്കാൻ അദ്ദേഹം തുടർച്ചയായി അഞ്ച് ഗെയിമുകൾ നേടി, മത്സരം പുരോഗമിക്കവേ പതിയെ തന്റെ ആധിപത്യം ഉറപ്പിച്ചു. 1-4 എന്ന നിലയിൽ നിന്ന് സെർബിയൻ താരം അവസാനത്തെ 15 പോയിന്റുകളിൽ 14 എണ്ണവും നേടി, എതിരാളിയുടെ താളവും മനോവീര്യവും പൂർണ്ണമായും തകർക്കുന്ന അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു അത്. വിമ്പിൾഡണിൽ ഇത് തുടർച്ചയായ എട്ടാം ക്വാർട്ടർ ഫൈനൽ പ്രവേശനമാണ്, കൂടാതെ മൊത്തത്തിൽ 50-ാമത്തെ ഗ്രാൻഡ് സ്ലാം ക്വാർട്ടർ ഫൈനലുമാണ്.


ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നു ജയിച്ചു അൽകാരാസ് വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ

തുടർച്ചയായ മൂന്നാം തവണയും വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യം വെക്കുന്ന രണ്ടാം സീഡ് സ്പാനിഷ് താരം കാർലോസ്‌ അൽകാരാസ്. 14 സീഡ് ആയ റഷ്യയുടെ ആന്ദ്ര റൂബ്ലേവിനെ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നാണ് അൽകാരാസ് തോൽപ്പിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ കൈവിട്ടെങ്കിലും തുടർന്ന് അൽകാരാസ് തന്റെ വിശ്വരൂപം കാണിച്ചു. തികച്ചും അവിശ്വസനീയം ആയ വിധം പല പോയിന്റുകളും അൽകാരാസ് നേടുന്നതും മത്സരത്തിൽ കാണാൻ ആയി.

രണ്ടാം സെറ്റ് 6-3 നു നേടിയ അൽകാരാസ് മൂന്നും നാലും സെറ്റുകൾ 6-4, 6-4 എന്ന സ്കോറിന് ആണ് നേടിയത്. 22 ഏസുകൾ ഉതിർത്ത താരം ഇന്ന് നന്നായി സെർവ് ചെയ്യുന്നതും കണ്ടു. തുടർച്ചയായ 22 മത്തെ വിജയവും വിംബിൾഡണിലെ തുടർച്ചയായ 18 മത്തെ ജയവും ആയിരുന്നു അൽകാരാസിന് ഇത്. ടൂർണമെന്റിലെ ഇത് വരെയുള്ള മികച്ച മത്സരം കളിച്ച അൽകാരാസ് ഇതോടെ 12 മത്തെ ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് ഉറപ്പിച്ചത്. 46 ഏസുകൾ മത്സരത്തിൽ ഉതിർത്ത ചെക് താരം നിക്കോളാസ് ജാറിയെ നാലര മണിക്കൂർ നീണ്ട 5 സെറ്റ് വരെ എത്തിയ പോരാട്ടത്തിൽ മറികടന്ന ബ്രിട്ടീഷ് താരം കാമറൂൺ നോരിയാണ് ക്വാർട്ടർ ഫൈനലിൽ അൽകാരാസിന്റെ എതിരാളി.

തുടർച്ചയായ പതിനൊന്നാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി സബലങ്ക

വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ ആര്യാന സബലങ്ക. 24 സീഡ് ബെൽജിയം താരവും തന്റെ മുൻ ഡബിൾസ് പങ്കാളിയും ആയ എൽസി മെർട്ടൻസിനെ 6-4, 7-6 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സബലങ്ക തോൽപ്പിച്ചത്. കരിയറിലെ 13 മത്തെ ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് സബലങ്കക്ക് ഇത്, തുടർച്ചയായ 11 മത്തേതും. 2025 ലെ 47 മത്തെ ജയം കുറിച്ച സബലങ്ക കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്.

വിംബിൾഡണിൽ ഇത് വരെ ഒരു സെറ്റ് പോലും സബലങ്ക വഴങ്ങിയിട്ടില്ല. സെന്റർ കോർട്ടിൽ ബ്രിട്ടീഷ് താരം സോനെയ് കാർട്ടലെ 7-6, 6-4 എന്ന സ്കോറിന് മറിമടന്നു സീഡ് ചെയ്യാത്ത 34 കാരിയായ റഷ്യൻ താരം അനസ്തിഷിയയും വിംബിൾഡൺ അവസാന എട്ടിലേക്ക് മുന്നേറി. അർജന്റീനയുടെ സൊലാന സിയെരയെ 6-3, 6-2 എന്ന സ്കോറിന് തകർത്തു 37 കാരിയായ ജർമ്മൻ താരം ലൗറ സിഗമണ്ടും വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.

വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഫ്രിറ്റ്സും ഖാചനോവും

വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ അഞ്ചാം സീഡ് അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്സും, 17 സീഡ് റഷ്യയുടെ കാരൻ ഖാചനോവും ഏറ്റുമുട്ടും. അവസാന പതിനാറിൽ ഓസ്‌ട്രേലിയൻ താരം ജോർദാൻ തോംപ്‌സണും ആയുള്ള ഫ്രിറ്റ്സിന്റെ മത്സരം എതിരാളിക്ക് പരിക്കേറ്റതോടെ അവസാനിക്കുക ആയിരുന്നു. ഫ്രിറ്റ്‌സ് 6-1, 3-0 എന്ന സ്കോറിന് മുന്നിൽ നിൽക്കുമ്പോൾ ആണ് ഓസ്‌ട്രേലിയൻ താരം മത്സരത്തിൽ നിന്നു പിന്മാറിയത്.

ഫ്രിറ്റ്സിന് ഇത് മൂന്നാം വിംബിൾഡൺ ക്വാർട്ടർ ഫൈനലും തുടർച്ചയായ രണ്ടാം ക്വാർട്ടർ ഫൈനലും ആണ്. അതേസമയം പോളണ്ട് താരം കാമിൽ മചർസാകിനെ 6-4, 6-2, 6-3 എന്ന ആധികാരിക സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഖാചനോവ് തകർത്തത്. 2021 നു ശേഷം ഇത് ആദ്യമായാണ് താരം വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. കരിയറിൽ ഇത് നാലാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് റഷ്യൻ താരത്തിന് ഇത്.

വിംബിൾഡണിൽ നൂറാം ജയം കുറിച്ചു നൊവാക് ജ്യോക്കോവിച് അവസാന പതിനാറിൽ

നാട്ടുകാരനായ മിയോമിർ കെചനോവിചിനെ 6-3, 6-0, 6-4 എന്ന സ്കോറിന് തകർത്തു ആറാം സീഡും ഏഴു തവണ വിംബിൾഡൺ നൊവാക് ജ്യോക്കോവിച് അവസാന പതിനാറിൽ. വിംബിൾഡണിൽ സെർബിയൻ താരം ഇതോടെ 100 ജയങ്ങൾ പൂർത്തിയാക്കി. മാർട്ടീന നവരതിനോവ, റോജർ ഫെഡറർ എന്നിവർക്ക് ശേഷം ഓപ്പൺ യുഗത്തിൽ വിംബിൾഡണിൽ 100 ജയങ്ങൾ പൂർത്തിയാക്കുന്ന ആദ്യ താരമാണ് ജ്യോക്കോവിച്. ഫ്രഞ്ച് ഓപ്പണിലും നൂറിൽ അധികം ജയങ്ങൾ ഉള്ള ജ്യോക്കോവിച് ഫെഡറർ കഴിഞ്ഞാൽ 2 ഗ്രാന്റ് സ്ലാമുകളിൽ 100 ൽ അധികം വിജയങ്ങൾ നേടുന്ന ഓപ്പൺ യുഗത്തിലെ രണ്ടാമത്തെ താരവുമാണ്. നാലു ഗ്രാന്റ് സ്ലാമുകളിലും 90 ൽ അധികം ജയങ്ങൾ സെർബിയൻ താരത്തിന് ഇപ്പോൾ ഉണ്ട്.

രണ്ടാം സെറ്റിൽ 6-0 നു സെറ്റ് നേടിയ ജ്യോക്കോവിച് 6-0 നു ഗ്രാന്റ് സ്ലാമുകളിൽ ഇത് 51 മത്തെ തവണയാണ് സെറ്റ് നേടുന്നത്. ഇതോടെ ഗ്രാന്റ് സ്ലാമുകളിൽ ഏറ്റവും കൂടുതൽ 6-0 നു സെറ്റ് നേടിയ താരവുമായി ജ്യോക്കോവിച്. കിരീടപോരാട്ടത്തിൽ ഈ പ്രായത്തിലും താൻ ഉണ്ടാവും എന്ന സൂചനയാണ് നിലവിൽ നൊവാക് നൽകുന്നത്. അനായാസ ജയത്തോടെ പത്താം സീഡ് അമേരിക്കയുടെ ബെൻ ഷെൽട്ടൻ, 11 സീഡ് ഓസ്‌ട്രേലിയയുടെ അലക്‌സ് ഡിമിനോർ, 19 സീഡ് ഗ്രിഗോർ ദിമിത്രോവ് എന്നിവരും വിംബിൾഡൺ അവസാന പതിനാറിലേക്ക് മുന്നേറി. അലക്‌സ് ഡിമിനോർ ആണ് അവസാന പതിനാറിൽ ജ്യോക്കോവിച്ചിന്റെ എതിരാളി. കഴിഞ്ഞ റൗണ്ടിൽ നാലാം സീഡിനെ ഞെട്ടിച്ച മാരിൻ സിലിച്ചും നാലു സെറ്റ് പോരാട്ടത്തിന് ഒടുവിൽ അവസാന പതിനാറിൽ എത്തി.

Exit mobile version