Picsart 25 07 08 01 51 31 814

2 സെറ്റ് മുന്നിൽ നിൽക്കുമ്പോൾ പരിക്കേറ്റ് പിന്മാറി ദിമിത്രോവ്, രക്ഷപ്പെട്ടു സിന്നർ

വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ യാനിക് സിന്നർ. പ്രീ ക്വാർട്ടർ മത്സരത്തിൽ എതിരാളിയായ 19 സീഡ് ബൾഗേറിയൻ താരം ഗ്രിഗോർ ദിമിത്രോവ് പരിക്കേറ്റ് പിന്മാറിയതോടെയാണ് സിന്നർ അവസാന എട്ടിൽ എത്തിയത്. മത്സരത്തിൽ അതിസുന്ദരമായി കളിച്ച ദിമിത്രോവ് അക്ഷരാർത്ഥത്തിൽ സിന്നറിനെ ഞെട്ടിച്ചു. ടൂർണമെന്റിൽ ഇത് വരെ ഒരു സെറ്റ് പോലും വഴങ്ങാത്ത സിന്നർ ദിമിത്രോവിനു മുന്നിൽ വിയർത്തു.

ആദ്യ സെറ്റിൽ നിർണായക ബ്രേക്ക് കണ്ടെത്തി സെറ്റ് 6-3 നു നേടിയ ദിമിത്രോവ് രണ്ടാം സെറ്റിലും തുടക്കത്തിൽ ബ്രേക്ക് കണ്ടെത്തി. സിന്നർ തിരിച്ചു ബ്രേക്ക് ചെയ്‌തെങ്കിലും വീണ്ടും സിന്നറിന്റെ സർവീസ് ഭേദിച്ച ദിമിത്രോവ് സെറ്റ് 7-5 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ 2-2 എന്ന സ്കോറിന് നിൽക്കുമ്പോൾ ഒരു വോളി അടിക്കാനുള്ള ശ്രമത്തിൽ വലത് നെഞ്ചിന്റെ ഭാഗത്ത് വേദന അനുഭവപ്പെട്ട ദിമിത്രോവ് കളത്തിൽ വീഴുക ആയിരുന്നു. തുടർന്നു വൈദ്യപരിശോധനക്ക് ശേഷം കളിക്കാൻ ആവില്ലെന്ന് കണ്ടു ദിമിത്രോവ് മത്സരത്തിൽ നിന്നു പിന്മാറുക ആയിരുന്നു. കഴിഞ്ഞ 5 ഗ്രാന്റ് സ്ലാമുകളിലും പരിക്കേറ്റ് പിന്മാറാൻ ആയിരുന്നു ദിമിത്രോവിന്റെ വിധി. ഇരു താരങ്ങളും കെട്ടിപിടിച്ച ശേഷമാണ് കളം വിട്ടത്. ക്വാർട്ടർ ഫൈനലിൽ ബെൻ ഷെൽട്ടൻ ആണ് സിന്നറിന്റെ എതിരാളി.

Exit mobile version