വിംബിൾഡനിൽ അട്ടിമറികൾ തുടരുന്നു. ഇത്തവണ മൂന്നാം റൗണ്ടിൽ വീണത് ദക്ഷിണാഫ്രിക്കയുടെ കെവിൻ ആന്റേഴ്‌സൻ. മുൻ വർഷത്തെ വിംബിൾഡൺ ഫൈനൽ കളിച്ച ആന്റേഴ്‌സൻ ഈ വർഷം അധികം മത്സരങ്ങൾ കളിച്ചില്ലെങ്കിലും നാലാം സീഡ് ആയിട്ടാണ് വിംബിൾഡനിൽ എത്തിയത്. എന്നാൽ 26 സീഡ് ഗെയ്‌ഡോ പെല്ലക്ക് മുന്നിൽ മൂന്നാം റൗണ്ടിൽ നാലാം സീഡിന്റെ മുൻതൂക്കം ഒന്നും ആന്റേഴ്‌സനിൽ കണ്ടില്ല. നേരിട്ടുള്ള സെറ്റുകൾക്ക് മത്സരം അടിയറവ് പറഞ്ഞ ആന്റേഴ്‌സൻ മൂന്നാം സെറ്റിൽ പൊരുതി നോക്കിയെങ്കിലും അത് മതിയായിരുന്നില്ല മത്സരത്തിൽ. ആദ്യ സെറ്റ് 6-4 നു സ്വന്തമാക്കിയ പെല്ല രണ്ടാം സെറ്റിൽ ആന്റേഴ്‌സന്റെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത് നയം വ്യക്തമാക്കി. രണ്ടാം സെറ്റിൽ വ്യക്തമായ മുൻതൂക്കം ആന്റേഴ്‌സനു മേൽ തുടർന്ന പെല്ല 6-3 നു രണ്ടാം സെറ്റും കയ്യിലാക്കി.
മൂന്നാം സെറ്റിൽ രണ്ടു പേരും സർവീസ് വിട്ട് കൊടുക്കാൻ തയ്യാറാകാതെ പൊരുത്തിയപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക്. പരസ്പരം അക്രമിച്ചും വിട്ട് കൊടുക്കാതെയും കളിച്ച രണ്ടു പോരാളികളുടെ മാസ്മരിക ടെന്നീസ് കണ്ട ടൈബ്രേക്കറിൽ ആന്റേഴ്‌സനെ മറികടന്ന് തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം നാലാം റൗണ്ടിലേക്ക് മുന്നേറി പെല്ല. 73 മിനിറ്റോളം നീണ്ട മൂന്നാം സെറ്റിൽ ഒരുപാട് മികച്ച റാലികളും പിറന്നു. രണ്ടര മണിക്കൂർ നീണ്ട മത്സരത്തിൽ പെല്ലയുടെ മികവിന് മുന്നിൽ ആന്റേഴ്‌സനു നാട്ടിലേക്ക് മടക്ക ടിക്കറ്റ്. മറ്റൊരു മത്സരത്തിൽ 10 സീഡ് റഷ്യയുടെ കാച്ചനോവും വിംബിൾഡനിൽ നിന്ന് പുറത്തായി. 23 സീഡും സ്പാനിഷ് താരവുമായ റോബർട്ടോയാണ് റഷ്യൻ താരത്തിന് മടക്ക ടിക്കറ്റ് നൽകിയത്. സ്‌കോർ – 6-3, 7-6, 6-1.