വിംബിൾഡൺ കിരീടം ആദ്യമായി ഉയർത്തി എട്ടാം സീഡും പോളണ്ട് താരവും ആയ ഇഗ സ്വിറ്റെക്. ഒരു ഗെയിം പോലും നഷ്ടമാവാതെ 6-0, 6-0 എന്ന സ്കോറിന് 13 സീഡ് അമേരിക്കയുടെ അമാന്ത അനിസിമോവയെ ആണ് ഇഗ തകർത്തത്. 1911 നു ശേഷം ആദ്യമായി ആണ് വിംബിൾഡൺ ഫൈനൽ ഈ സ്കോറിന് അവസാനിക്കുന്നത്. ഓപ്പൺ യുഗത്തിൽ 1988 ലെ ഫ്രഞ്ച് ഓപ്പൺ ഫൈനലിന് ശേഷം ഇത്തരം ഒരു ഫൈനൽ സ്കോറും ഇത് ആദ്യമായാണ്. ഫൈനൽ ഒരു മണിക്കൂർ പോലും നീണ്ടു നിന്നില്ല.
പുരുഷ, വനിത വിഭാഗങ്ങളിൽ പോളണ്ടിൽ നിന്നുള്ള ആദ്യ വിംബിൾഡൺ ജേതാവ് ആയും ഇഗ ഇതോടെ മാറി. കരിയറിലെ ആറാം ഗ്രാന്റ് സ്ലാം ആണ് ഇഗക്ക് ഇത്, കളിച്ച 6 ഫൈനലുകളും ഇഗ ജയിച്ചു. മൂന്നു സർഫസുകളിലും ഗ്രാന്റ് സ്ലാം കിരീടവും ഇഗ ഇതോടെ നേടി. കരിയറിലെ 23 മത്തെ കിരീടം ആയിരുന്നു 24 കാരിയായ താരത്തിന് ഇത്. 2024 ഫ്രഞ്ച് ഓപ്പൺ കിരീടത്തിനു ശേഷമുള്ള കിരീടനേട്ടത്തോടെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്കും ഇഗ മുന്നേറും.