വിംബിൾഡണിന്റെ രണ്ടാം ദിവസം പ്രമുഖർ എല്ലാം ജയിച്ച് കയറിയപ്പോൾ ഫ്രഞ്ച് ഓപ്പൺ റണ്ണറപ്പും ഓസ്ട്രിയൻ താരവുമായ ഡൊമിനിക് തിമും, എടിപി വേൾഡ് ടൂർ ഫൈനലിസ്റ്റ് ഡേവിഡ് ഗൊഫിനും പുറത്തായി. മുൻ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്റ് സൈപ്രസിന്റെ മാർക്കോസ് ബാഗ്ദാദിസ് രണ്ട് സെറ്റുകൾ നേടുകയും മൂന്നാം സെറ്റിൽ 2-0 എന്ന സ്കോറിന് ലീഡ് ചെയ്യുമ്പോൾ തിം പിന്മാറുകയായിരുന്നു. പത്താം സീഡ് ഡേവിഡ് ഗൊഫിനെ അട്ടിമറിച്ചത് ഓസ്‌ട്രേലിയയുടെ സീഡില്ലാ താരം എബ്‌ഡനാണ്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു എബ്‌ഡന്റെ വിജയം. സ്‌പെയിനിന്റെ വേർദാസ്‌കോയും ടൂര്ണമെന്റിന്റെ ആദ്യ റൗണ്ടിൽ പുറത്തായവരിൽ ഉൾപ്പെടും. അതേസമയം റാഫേൽ നദാൽ, ഡെൽപോട്രോ, കൈരൂയിസ്, ഷ്വാർട്സ്മാൻ, ഷാപവലോവ്, അലക്‌സാണ്ടർ സ്വരേവ് എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു.
വനിതകളിൽ ആറാം സീഡ് ഗാർസിയയെ സീഡില്ലാ സ്വിസ് താരം ബെൻചിച്ച് അട്ടിമറിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബെൻചിച്ചിന്റെ വിജയം. ഒന്നാം സീഡ് ഹാലെപ്, മുഗുരുസ, കെർബർ, ഓസ്റ്റാപെങ്കൊ മുതലായ പ്രമുഖർ ജയിച്ച് കയറിയപ്പോൾ മരിയ ഷറപ്പോവ പരാജയം രുചിച്ചു. റഷ്യയുടെ തന്നെ സീഡില്ലാ താരം ദിയാറ്റ്ചെങ്കോയാണ് ഷറപ്പോവയെ മൂന്ന് സെറ്റുകൾ നീണ്ട ഉജ്ജ്വല പോരാട്ടത്തിൽ അട്ടിമറിച്ചത്.
പുരുഷ ഡബിൾസ് ക്വാളിഫയറുകളിൽ ഇന്ത്യൻ സഖ്യമായ ബാലാജി-വർദ്ധൻ ജോഡിക്കും, നെടുഞ്ചിഴിയൻ ഉൾപ്പെട്ട ക്രായിച്ചെക്ക് ജോഡിയും വിജയിച്ചിട്ടുണ്ട്. ഇതോടെ പുരുഷ ഡബിൾസിൽ മാത്രം പൂർണ്ണമായും ഇന്ത്യൻ ജോഡികളും ഇന്ത്യൻ കളിക്കാരും മാത്രമായി അഞ്ച് സഖ്യങ്ങളായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial